കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ ജനുവരി ആദ്യ വാരം വീണ്ടും ചര്‍ച്ചകള്‍ നടക്കും. ഇന്നലെ കൊച്ചിയില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ച നടന്നിരുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ തേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. അതേസമയം, ജനുവരി ആദ്യവാരം സമാധാന ചര്‍ച്ചകള്‍ വീണ്ടും നടക്കുമെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇന്നലെ വൈകുന്നേരം ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രതിനിധീകരിച്ച് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത തോമസ് മാര്‍ അത്തനാസിയോസും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് കൊച്ചി മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും, മീഡിയാ സെല്‍ കണ്‍വീനര്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസും വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പയും, സഭാ ട്രസ്റ്റി പീറ്റര്‍ കെ ഏലിയാസും അല്‍മായ ട്രസ്റ്റി ഷാജി ചുണ്ടയിലുമാണ് പങ്കെടുത്തത്. ചര്‍ച്ച സൗഹൃദപരമായിരുന്നു. യാക്കോബായ സഭ എപ്പോഴും സമാധാന ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നുമാണ് യാക്കോബായ വിഭാഗം പ്രതികരിച്ചത്.

”സഭാ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷ പകരുന്നതാണ്” എന്ന് യാക്കോബായ സഭാ വൈദിക ട്രസ്റ്റി ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍ പറയുന്നു. ”അനുരഞ്ജന ചര്‍ച്ചകളിലൂടെ മാത്രമേ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാനാവുകയുള്ളു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സമാധാന ചര്‍ച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്” എന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ പ്രതികരിച്ചു.

ഏതാനും വര്‍ഷം മുമ്പ് പാര്‍ത്രിയാര്‍ക്കീസ് ബാവ നേരിട്ട് ചര്‍ച്ചയ്ക്കെത്തിയെങ്കിലും ഓര്‍ത്തഡോക്സ് വിഭാഗം വിട്ടുനിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ”കേസുകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഉപരിയായി സമാധാന ചര്‍ച്ചകളിലൂടെ തന്നെ സഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഇരുസഭകളിലെയും ജനങ്ങള്‍ ആഗ്രഹിക്കുന്നത്”, ഫാ. കല്ലാപ്പറ പറയുന്നു.

അതേസമയം സഭാ തര്‍ക്കം പരിഹരിക്കാന്‍ ഔദ്യോഗികമായി ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചകള്‍ക്കു തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ജസ്റ്റിസ് കെജി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതു വസ്തുതയാണെന്നുമാണ് ഓര്‍ത്തഡോക്സ് സഭ പിആര്‍ഒ ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട് നല്‍കുന്ന വിശദീകരണം.

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് അടുത്തിടെ കോതമംഗലത്തും പിറവത്തുമുണ്ടായ സംഭവങ്ങള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കട്ടച്ചിറ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ദിവസങ്ങള്‍ നീണ്ടതും ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു സംസ്‌കാരം നടത്തിയതും വിവാദവിഷയമായി. സഭാ തര്‍ക്കം മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ സമാധാന ചര്‍ച്ചകളുടെ തുടക്കമെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.