scorecardresearch
Latest News

മീഡിയവണ്‍ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദേശം

നാലാഴ്ചയ്ക്കുള്ളില്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചു.

മീഡിയവണ്‍ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി; നാലാഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു

വിലക്ക് തുടരുന്നതില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ വിശദീകരണമൊന്നുമില്ല, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചു.

മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്താത്തതും മുദ്രവച്ച കവറില്‍ കോടതിയില്‍ മാത്രം വെളിപ്പെടുത്തിയതും സ്വാഭാവിക നീതിയുടെയും ന്യായമായ നടപടികളുടെ അവകാശത്തിന്റെയും തത്ത്വങ്ങള്‍ ലംഘിക്കുകയും കമ്പനിയെ ഇരുട്ടില്‍ തള്ളിവിടുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mediaone case supreme court verdict