തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു സംസാരിച്ചുവെന്ന മംഗളം ടി.വിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെച്ചതോടെ ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒരു മന്ത്രിയ്‌ക്കെതിരെ ഇത്രയും ഗൗരവമായ ആരോപണം ഉന്നയിക്കുന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍ അതിന് ശക്തമായ തെളിവുകളുടെ പിന്തുണയുണ്ടാവണം.

അശ്ലീല പരാമര്‍ശങ്ങളുള്ള ഒരു പുരുഷ ശബ്ദം മാത്രമാണ് മന്ത്രി പരാതിക്കാരിയായ യുവതിയോട് സംസാരിക്കുന്നതെന്ന തരത്തില്‍ മംഗളം പുറത്തുവിട്ടത്. ഏകപക്ഷീയമായ ഈ റിപ്പോര്‍ട്ടിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി.

മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ചാനലിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഇതാണ് ജേണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചു എന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് അവതാരകനുമായ ഹര്‍ഷന്‍ പ്രതികരിച്ചത്.

തുടക്കം കലക്കിയെന്ന് പറഞ്ഞ് ഡെസ്കില്‍ ആഘോഷം നടത്താം. മധുരം വിളമ്പാം. പക്ഷെ, ഒരു ‘വാര്‍ത്ത’ കൊടുത്താണ് തുടങ്ങിയത് എന്ന് സ്വയം വിലയിരുത്തിക്കളയരുതെന്നാണ് മീഡിയ വണ്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിഷാദ് റാവൂത്തര്‍ കുറിച്ചത്.

മന്ത്രിയായിരിക്കുമ്പോഴാണ് അയാള്‍ മന്ത്രിയെന്നും ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ മനുഷ്യന്‍ മാത്രമാണന്നുമാണ് ന്യൂസ് 18 സീനിയര്‍ ന്യൂസ് എഡിറ്റര്‍ സനീഷ് എളയെടത്ത് കുറിച്ചത്. അധികാര ദുര്‍വ്വിനിയോഗം നടത്തി, ഒരു സ്ത്രീയെ ലൈംഗികതയിലേക്ക് പ്രേരിപ്പിച്ചു എന്നാണ് വാര്‍ത്തയെങ്കില്‍ ആ വാര്‍ത്ത ഇങ്ങനെയല്ല കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ കോഡിനേറ്റിംഗ് എഡിറ്റര്‍ പ്രമോദ് രാമന്‍ ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അമേധ്യ പ്രവര്‍ത്തനമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രിക്കെതിരെയല്ല ജേണലിസം എന്ന പേരില്‍ ക്രിമിനല്‍ സംപ്രേക്ഷണം നടത്തുന്ന ചാനലിനെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് മാതൃഭൂമി ആഴ്ച്ചപതിപ്പിലെ കോപ്പി എഡിറ്ററായ മനില സി മോഹന്‍ പ്രതികരിച്ചു.

ഇത് ട്രാപ്പ് ആണ് എന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ ഈ തരം ജേണലിസം നടത്താതിരിക്കാനും, ഈ പ്രവണത തടയാനും എ കെ ശശീന്ദ്രന്‍ രാജി വയ്ക്കരുതെന്ന് ആക്ടിവിസ്റ്റും ചലചിത്രതാരവുമായ പാര്‍വ്വതി അഭിപ്രായപ്പെട്ടു. ഉഭയ സമ്മത പ്രകാരം നടത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അല്ല ഒരാള്‍ ക്രൂശിക്കപ്പെടേണ്ടത്. ഉഭയ സമ്മത പ്രകാരം അല്ലെങ്കില്‍ അവര്‍ പരാതി നല്‍കട്ടെ. അതു വരെ എങ്കിലും രാജി വെയ്ക്കരുത്. ഏറ്റവും വില കുറഞ്ഞ ജേണലിസം. ഇതും വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ ഉള്ള കടന്നുകയറ്റമാണെന്നും പാര്‍വതി പ്രതികരിച്ചു.

സംവിധായകന്‍ ആഷിഖ് അബുവും വിമര്‍ശനവുമായി രംഗത്തെത്തി. ചാനലും അവതാരകരും ചേര്‍ന്നാണ് കേരളത്തിലെ മനുഷ്യരെ അപമാനിച്ചുകൊണ്ടിരിക്കുന്നത്. സാറന്മാരെ നിങ്ങളുടെയൊക്കെ ബെഡ്‌റൂമുകളിലേക്കും ക്യാമറകള്‍ തിരിച്ചാല്‍ തിരിയും നിങ്ങളുടെ ശബ്ദവും പതിയുമെന്ന്, ആഷിഖ് പറഞ്ഞു.

വിശുദ്ധ ബാലമംഗളമാണ് നമ്മുടെ അടിസ്ഥാനമെന്നും മംഗളവുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഡിങ്കോയിസ്റ്റുകളുടെ പ്രതികരണം. നവമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞാണ് ട്രോളന്മാര്‍ പുതിയ സംഭവവികാസത്തോട് പ്രതികരിച്ചത്. ചിലര്‍ മന്ത്രിയെ ട്രോളി രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ പിണറായി മന്ത്രിസഭയെ പുകഴ്ത്തി രംഗത്തെത്തി. ആരോപണം ഉയര്‍ന്നപ്പോള്‍ കസേരയില്‍ ഒട്ടിപ്പിടിക്കാതെ പുറത്തുപോയ ശശീന്ദ്രനും കൈയടി കിട്ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ