scorecardresearch
Latest News

കേന്ദ്ര വിലക്കിന് ഹൈക്കോടതി സ്റ്റേ; മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു

സുരക്ഷാ കാരണങ്ങളാണ് സംപ്രേഷണം തടയാന്‍ ഉന്നയിച്ചിരിക്കുന്നതെന്നും വിശദാംശങ്ങള്‍ മീഡിയ വണ്ണിനു ലഭ്യമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും പ്രമോദ് രാമന്‍ പറഞ്ഞു

കേന്ദ്ര വിലക്കിന് ഹൈക്കോടതി സ്റ്റേ; മീഡിയ വണ്‍ സംപ്രേഷണം പുനരാരംഭിച്ചു

കോഴിക്കോട്: മീഡിയ വണ്‍ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ഉത്തരവിന് പിന്നാലെ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചു.

ചാനൽ നടത്തിപ്പുകാരായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

മൂന്നാം കക്ഷിയായ പ്ലാനറ്റ്കാസ്റ്റ് മീഡിയ സര്‍വീസസ് ലിമിറ്റഡിന് നോട്ടീസ് പുറപ്പെടുവിച്ചു. ടെലിപോര്‍ട്ട് ഓപ്പറേറ്ററായ പ്ലാനറ്റ്കാസ്റ്റ് മീഡിയ സര്‍വീസസ് ലിമിറ്റഡിനോട് അപ്‌ലിങ്കിങ് ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ശക്തമായി എതിര്‍ത്തെങ്കിലും കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ സംപ്രേഷണം തടസപ്പെടുത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതൊരു അവശ്യസേവനല്ലെന്നായിരുന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ വാദം.

ജനുവരി 29 വരെയായിരുന്നു ചാനലിന്റെ ലൈസന്‍സ് കാലാവധി. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, ദേശീയ സുരക്ഷ കണക്കിലെടുത്ത് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ജനുവരി അഞ്ചിനു ചാനലിനു കേന്ദ്രം കാരണം നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടിയായി, തങ്ങളെ കേള്‍ക്കാതെ നടപടിയുമായി മുന്നോട്ടുപോകരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചിരുന്നതായി ഹര്‍ജിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ സംപ്രേഷണത്തിന് അനുമതി നല്‍കിയത് റദ്ദാക്കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന നടപടിയുമായി മന്ത്രാലയം മുന്നോട്ടുപോകുകയായിരുന്നുവെന്നു മീഡിയ വണ്ണിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. അനുവദനീയമായ ചാനലുകളുടെ പട്ടികയില്‍നിന്ന് മീഡിയ വണ്ണിനെ നീക്കം ചെയ്തു. അനുമതി നിഷേധിച്ചതിന്റെ കാരണം തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.

ഇത്തരമൊരു നോട്ടിസ് ആഭ്യന്തര മന്ത്രാലയത്തിന് മാത്രമേ നല്‍കാനാകൂയെന്നും ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിലും തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ചാനല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതായി ടിവി എഡിറ്റര്‍ പ്രമോദ് രാമന്‍ ഉച്ചയോടെ ലൈവില്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കുറിപ്പ് ചാനലിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പ്രിയപ്പെട്ട പ്രേക്ഷകരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ചാനലിന്റെ സംപ്രേഷണം വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതായി പ്രമോദ് രാമന്‍ അറിയിച്ചത്. സുരക്ഷാ കാരണങ്ങളാണ് സംപ്രേഷണം തടയാന്‍ ഉന്നയിച്ചിരിക്കുന്നതെന്നും വിശദാംശങ്ങള്‍ മീഡിയ വണ്ണിനു ലഭ്യമാക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

”ഉത്തരവിനെതിരെ മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണ നടപടികള്‍ക്കുശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്കു തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു,” പ്രമോദ് രാമന്‍ ലൈവില്‍ അറിയിച്ചു.

” ചാനലിന്റെ ലൈസൻസ് പുതുക്കാനുള്ള സന്ദർഭമായിരുന്നു ഇത്. അതുസംബന്ധിച്ച ആശയവിനിമയം 19ന് മന്ത്രാലയുമായി ആരംഭിച്ചിരുന്നു. അത് എല്ലാവർഷവും ലൈൻസ് പുതുക്കുന്നതിനു നടക്കുന്ന നടപടി ക്രമം മാത്രമാണ് ഇത്തവണയും നടന്നത്. പക്ഷേ, ലൈസൻസ് റദ്ദാക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന നോട്ടിസ് വാര്‍ത്താ വിതരണ മന്ത്രാലയത്തിൽനിന്ന് ഒരു ഘട്ടത്തിൽ ലഭിച്ചു. അതിനു കൃത്യമായ മറുപടി സ്ഥാപനം നൽകിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് മറ്റൊന്നും തന്നെ വിശദീകരിക്കാതെ, സുരക്ഷാകാരണങ്ങളാൽ ചാനലിന്റെ ലൈസൻസ് റദ്ദാക്കുന്നുവെന്ന അറിയിപ്പ് കേന്ദ്രസർക്കാരിൽനിന്ന് ഇപ്പോൾ വന്നിരിക്കുന്നത്,” പ്രമോദ് രാമൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഇതിനു മുൻപ് 2020ലും മീഡിയ വൺ സമാന വിലക്ക് നേരിട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ച് 48 മണിക്കൂർ നേരത്തേക്കായിരുന്നു വിലക്ക്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലും വിലക്ക് നേരിട്ടിരുന്നു.

അന്ന് മാപ്പ് പറയില്ലെന്നു വ്യക്തമാക്കിയ മീഡിയ വൺ കോടതിയെ സമീപിക്കാനിരിക്കെ വിലക്ക് നീക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മാർച്ച് ആറിന് വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേഷണം ഏഴിനു രാവിലെയാ പുനഃരാരംഭിക്കാൻ കഴിഞ്ഞത്.

“കോടതിയിൽ പോകാനായിരുന്നു തീരുമാനം. പക്ഷേ അതിന്റെ ആവശ്യം വന്നില്ല. വിലക്ക് നീക്കിയതായി രാവിലെ ഒൻപതരയോടെ അറിയിപ്പ് വന്നു. അവർ സ്വമേധയാ ചെയ്തതാണ് അത്. ഏഷ്യാനെറ്റിനും 48 മണിക്കൂറായിരുന്നു പറഞ്ഞിരുന്നത്, അവരുടെ വിലക്ക് രാത്രി 1.30യോടെ തന്നെ നീക്കി. മന്ത്രാലയവുമായി സംസാരിക്കാൻ യാതൊരു തീരുമാനവും ഞങ്ങൾക്കുണ്ടായിരുന്നില്ല, നിയമപരമായ പോരാട്ടം തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം,” എന്നായിരുന്നു വിലക്കിനെക്കുറിച്ച് അന്നത്തെ എഡിറ്റർ സി എൽ തോമസ് ഐഇ മലയാളത്തോട് പറഞ്ഞത്.

ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം വെള്ളിപറമ്പിലാണ് ചാനലിന്റെ ആസ്ഥാനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Media one television channel goes off air again