scorecardresearch
Latest News

മീഡിയ വൺ സംപ്രേഷണ വിലക്ക്: സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല; ഹർജികൾ വിധിപറയാൻ മാറ്റി

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയ വണ്ണിനായി ഹാജരാകും

മീഡിയ വൺ സംപ്രേഷണ വിലക്ക്: സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല; ഹർജികൾ വിധിപറയാൻ മാറ്റി

കൊച്ചി: സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ അപ്പീലിൽ ഇടക്കാല ആശ്വാസമില്ല. ഹർജികൾ ഡിവിഷന്‍ ബഞ്ച് വിധിപറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

ഇടക്കാല ഉത്തരവോ അതോ അന്തിമ വിധിയാണോ ആഗ്രഹിക്കുന്നതെന്നു കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. അന്തിമ വിധിയാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് വിധി പറയാനായി കോടതി മാറ്റുകയായിരുന്നു.

വിഷയം പരിഗണിച്ചപ്പോള്‍, മുദ്രവച്ച കവറില്‍ ചില രേഖകള്‍ ഹാജരാക്കാനു എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചാനലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇതിനെ എതിര്‍ക്കുകയും ഇത് അപ്രസക്തമാണെന്നു വാദിക്കുകയും ചെയ്തു.

ഭരണഘടനയുടെ അനുച്‌ഛേദം 19(1) പ്രകാരമുള്ള മാധ്യമസ്വാതന്ത്ര്യവും അതിന്റെ പരിധിയും സംബന്ധിച്ച് ദുഷ്യന്ത് ദവെ ഊന്നല്‍ നല്‍കിയപ്പോള്‍ വാദത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ശക്തമായി എതിര്‍ക്കുകയും സിംഗിള്‍ ജഡ്ജി തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.

മീഡിയ വണ്‍ മാനേജ്മെന്റായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡ്, ജീവനക്കാർക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് അപ്പീല്‍ നല്‍കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംശയാസ്പദകരമാണെന്ന് മീഡിയ വണ്ണിന്റെ അപ്പീലില്‍ പറയുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ചാനലിന്റെ പക്ഷം കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും മീഡിയ വണ്‍ ചൂണ്ടിക്കാണിച്ചു.

Also Read: മീഡിയവണ്‍ വിലക്ക് അംഗീകരിക്കാനാവില്ല; ഷാരൂഖ്, ഹിജാബ് വിഷയങ്ങള്‍ വരാനിരിക്കുന്ന ആപത്തിന്റെ ദൃഷ്ടാന്തങ്ങള്‍: മുഖ്യമന്ത്രി

ഒരു വാർത്താ ചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ല. ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.

ജനുവരി 31 നായിരുന്നു മീഡിയ വണ്‍ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വന്നത്. പിന്നാലെയാണ് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിലക്ക് താത്കാലികമായി നീക്കിയ കോടതി സംപ്രേഷണം തുടരാന്‍ അനുമതി നല്‍കിയിരുന്നു.

ചൊവ്വാഴ്ചയാണ് സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുള്ളതിനാലാണ് ചാനലിനു സുരക്ഷാ അനുമതി നല്‍കാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിഗണിച്ചാണ് കോടതി നടപടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Media one news channel broadcasting ban kerala high court