scorecardresearch

ഭീഷണിക്കു വഴങ്ങില്ല, പിന്നോട്ടില്ല: മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്

‘കേന്ദ്രത്തിന്‍റെ ഈ ഭീഷണിക്ക് വഴങ്ങില്ല, ഇതിനെ ഒരു ഭീഷണിയായി പോലും ഞങ്ങൾ കാണുന്നില്ല’ എന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്

Asianet News Media One, Ban, ഏഷ്യനെറ്റ്, cl thomas, സിഎൽ തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, KUWJ, കെയു‌ഡബ്ല്യൂജെ , മീഡയാവൺ, വിലക്ക്, ie malayalam, ഐഇ മലയാളം

കോഴിക്കോട്: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നിയമലംഘനമുണ്ട് എന്ന് ആരോപിച്ചു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് വേഗത്തിൽ നീക്കാൻ തങ്ങളുടെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും നടന്നിട്ടില്ലെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി. എൽ തോമസ്.

വിലക്കിനെതിരെ നിയമപരമായി നീങ്ങാനായിരുന്നു ചാനലിന്‍റെ തീരുമാനം. ഇന്ന് കോടതിയെ സമീപിക്കാനിരിക്കെയാണ് വിലക്ക് നീക്കിയെന്ന അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പ്രതികരിച്ചു.

“കോടതിയിൽ പോകാനായിരുന്നു തീരുമാനം. പക്ഷേ അതിന്റെ ആവശ്യം വന്നില്ല. വിലക്ക് നീക്കിതായി രാവിലെ ഒൻപതരയോടെ അറിയിപ്പ് വന്നു. അവർ സ്വമേധയാ ചെയ്തതാണ് അത്. ഏഷ്യാനെറ്റിനും 48 മണിക്കൂറായിരുന്നു പറഞ്ഞിരുന്നത്, അവരുടെ വിലക്ക് രാത്രി 1.30യോടെ തന്നെ നീക്കി. മന്ത്രാലയവുമായി സംസാരിക്കാൻ യാതൊരു തീരുമാനവും ഞങ്ങൾക്കുണ്ടായിരുന്നില്ല, നിയമപരമായ പോരാട്ടം തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം,” അദ്ദേഹം പറഞ്ഞു.

Read More: മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ

വടക്കുകിഴക്കന്‍ ഡൽഹിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്. മന്ത്രാലയത്തില്‍ നിന്നും നേരത്തെ ലഭിച്ച നോട്ടീസിനു തങ്ങൾ മറുപടി കൊടുത്തിരുന്നുവെന്നും അത് വകവയ്ക്കാതെയാണ് വിലക്കേർപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

“കേന്ദ്രം ഉന്നയിച്ച ആരോപണങ്ങൾക്കൊക്കെ അക്കമിട്ട് നിരത്തി വിശദമായ മറുപടി നൽകിയിരുന്നു. കാര്യകാരണ സഹിതം അവർ ഉന്നയിച്ച ആരോപണങ്ങളെ ഞങ്ങൾ നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, ഞങ്ങളുടെ നയത്തിൽ ഒരു മാറ്റവുമില്ല. കേന്ദ്രത്തിന്‍റെ ഈ ഭീഷണിക്ക് വഴങ്ങില്ല. ഇതിനെ ഒരു ഭീഷണിയായി പോലും ഞങ്ങൾ കാണുന്നില്ല,” സി.എൽ തോമസ് വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണി: ഏഷ്യാനെറ്റ്‌

കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണിയാണെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണന്റെ പ്രതികരണം.

“മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീഷണി തന്നെയാണിത്. ഏകപക്ഷീയമായ റിപ്പോർട്ടിങ് ആണെന്നും അത് മതമൈത്രിയെ തകർക്കുന്നതിലേക്ക് വഴിവച്ചെന്നുമാണ് ഞങ്ങൾക്ക് ലഭിച്ച നോട്ടീസിലുള്ളത്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നു, മതമൈത്രി തകർക്കുന്ന വിവരണങ്ങൾ നൽകുന്നു എന്നീ രണ്ട് ആരോപണങ്ങളാണ് ഞങ്ങൾക്കെതിരെ വന്നത്,” അദ്ദേഹം പറഞ്ഞു.

എന്നാൽ തങ്ങൾ എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും അതു കൊണ്ടു തന്നെ തെറ്റു തിരുത്താമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞങ്ങളുടെ മാധ്യമപ്രവത്തകർ തരുന്ന വാർത്തകൾ കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യസന്ധമായ വാർത്തകൾ എന്താണോ അതിനിയും കൊടുക്കും. ഇതൊക്കെ പത്രപ്രവർത്തനത്തിന്റെ ഭാഗമാണ്. പല തരത്തിലുള്ള വെല്ലുവിളികൾ നമ്മൾ നേരിടേണ്ടി വരും. അതൊക്കെ വന്നും പോയുമിരിക്കും. അത്രേയുള്ളൂ.” മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും തങ്ങൾക്ക് യാതൊരു വിധ സമ്മർദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Media one editor cl thomas on media ban

Best of Express