scorecardresearch
Latest News

രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം; മീഡിയ വൺ സംപ്രേഷണ വിലക്ക് മരവിപ്പിച്ചത് നീട്ടി

തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തു വന്നത്

രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തിന് നിർദേശം; മീഡിയ വൺ സംപ്രേഷണ വിലക്ക് മരവിപ്പിച്ചത് നീട്ടി
മീഡിയ വണ്‍ ഹെഡ് ഓഫിസ്

കൊച്ചി: മീഡിയ വൺ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴു വരെ നീട്ടി. ചാനലിനു സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആഭ്യന്തര മന്ത്രാലത്തിനു ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. കേസ് ഏഴിനു വീണ്ടും പരിഗണിക്കും.

തിങ്കളാഴ്ചയായിരുന്നു മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവന്നത്. തുടര്‍ന്ന് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. രണ്ട് ദിവസത്തേക്കായിരുന്നു കേന്ദ്ര ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച മരവിപ്പിച്ചത്.

സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്നും വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഇന്ന് കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശിച്ചാല്‍ ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

അനുമതി റദ്ദാക്കിയതിന്റെ കാരണം വെളിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് അയക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് നഗരേഷ് ചോദിച്ചു. ആരുടെയും പേരുകൾ പറയേണ്ടെന്നും അനുമതി നിഷേധിക്കാനുണ്ടായ കാരണങ്ങൾ അറിയിക്കണമെന്നം കോടതി നിർദേശിച്ചു. ലൈസൻസ് പുതുക്കി നൽകാത്തു നയപരമായ കാര്യമാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നുമായിരുന്നു കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമെടുത്ത നിലപാട്.

Also Read: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

ദേശീയ സുരക്ഷ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ മുന്‍കൂര്‍ അറിയിപ്പ് ലഭിക്കാന്‍ അപേക്ഷകന് അവകാശമില്ലെന്ന് നിരീക്ഷിച്ച് കേബിള്‍ ടിവി ലൈസന്‍സുകള്‍ റദ്ദാക്കുന്നതു ശരിവച്ച 2019 ലെ സുപ്രീം കോടതി വിധിയെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരാമര്‍ശിച്ചു. ഇടക്കാല ഉത്തരവ് നീട്ടരുതെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ലൈസന്‍സ് റദ്ദാക്കാന്‍ ദേശീയ സുരക്ഷ ഒരു കാരണമല്ലെന്ന് മീഡിയവണ്ണിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ വാദിച്ചു. ദേശീയ സുരക്ഷ മാത്രം ചൂണ്ടിക്കാട്ടി വിവരങ്ങള്‍ മറച്ചുവക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് പെഗസസ് കേസിലെ സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അനുരാധ ഭാസിന്‍ കേസിലെ സുപ്രീം കോടതി വിധിയും പരാമര്‍ശിച്ച അദ്ദേഹം പത്രസ്വാതന്ത്ര്യത്തെ ഭരണകൂടം മാനിക്കണമെന്നും പറഞ്ഞു. മീഡിയ വണ്ണിനു സുരക്ഷാ അനുമതി 2010-ല്‍ ലഭിച്ചതാണെന്നും പുതുക്കാന്‍ അപേക്ഷിച്ചപ്പോള്‍ മാത്രമാണ് പ്രശ്‌നം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 29 വരെയായിരുന്നു ചാനലിന്റെ ലൈസന്‍സ് കാലാവധി. ഇതിനിടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, ദേശീയ സുരക്ഷ കണക്കിലെടുത്ത് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ജനുവരി അഞ്ചിനു ചാനലിനു കേന്ദ്രം കാരണം നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടിയായി, തങ്ങളെ കേള്‍ക്കാതെ നടപടിയുമായി മുന്നോട്ടുപോകരുതെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചിരുന്നതായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ മീഡിയ വൺ ബോധിപ്പിച്ചു.

കേസിൽ കേരള പത്രപ്രവർത്തക യൂണിയൻ കക്ഷിചേർന്നു. ജീവനക്കാർക്കുവേണ്ടിയാണ് യൂണിയന്റെ ഇടപെടൽ. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് യൂണിയൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Also Read: ദിലീപിന്റെ ഫോണുകളുടെ അൺലോക്ക് പാറ്റേൺ കോടതിയ്ക്ക് കൈമാറി

ഇതിനു മുൻപ് 2020ലും മീഡിയ വൺ വിലക്ക് നേരിട്ടിരുന്നു. വടക്കുകിഴക്കൻ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതില്‍ കേബിള്‍ ടെലിവിഷന്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ച് 48 മണിക്കൂർ നേരത്തേക്കായിരുന്നു വിലക്ക്. അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലും വിലക്ക് നേരിട്ടിരുന്നു.

അന്ന് മാപ്പ് പറയില്ലെന്നു വ്യക്തമാക്കിയ മീഡിയ വണ്ണിന്, കോടതിയെ സമീപിക്കാനിരിക്കെ വിലക്ക് നീക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. മാർച്ച് ആറിന് വൈകിട്ട് 7.30 മുതല്‍ നിര്‍ത്തിവച്ച സംപ്രേഷണം ഏഴിനു രാവിലെയാണ് പുനഃരാരംഭിക്കാൻ കഴിഞ്ഞത്.

ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍. കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം വെള്ളിപറമ്പിലാണ് ചാനലിന്റെ ആസ്ഥാനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Media one broadcasting ban kerala high court central government