കൊച്ചി: സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബഞ്ചിനെയാണ് ചാനല്‍ അധികൃതര്‍ സമീപിച്ചിരിക്കുന്നത്.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് നാളെ അപ്പീലില്‍ വാദം കേള്‍ക്കും. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയ വണ്ണിനായി ഹാജരാകും.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംശയാസ്പദകരമാണെന്ന് മീഡിയ വണ്ണിന്റെ അപ്പീലില്‍ പറയുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ചാനലിന്റെ പക്ഷം കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും മീഡിയ വണ്‍ ചൂണ്ടിക്കാണിച്ചു.
ഒരു വാർത്ത ചാനലാകുമ്പോൾ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാർത്തകൾ നൽകാനാകില്ല. ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.
ജനുവരി 31 നായിരുന്നു മീഡിയ വണ്‍ ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് വിലക്കിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വന്നത്. പിന്നാലെയാണ് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിലക്ക് താത്കാലികമായി നീക്കിയ കോടതി സംപ്രേഷണം തുടരാന്‍ അനുമതി നല്‍കിയിരുന്നു.
ഇന്നലെയാണ് സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുള്ളതിനാലാണ് ചാനലിനു സുരക്ഷാ അനുമതി നല്‍കാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിഗണിച്ചാണ് കോടതി നടപടി.
Also Read: ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം