scorecardresearch
Latest News

ഹർജികൾ തള്ളി; മീഡിയ വൺ വിലക്ക് ഹൈക്കോടതി ശരിവച്ചു, സംപ്രേഷണം നിർത്തി

മീഡിയ വണ്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു ജസ്റ്റിസ് എന്‍.നഗരേഷ് വിധി പറഞ്ഞത്

ഹർജികൾ തള്ളി; മീഡിയ വൺ വിലക്ക് ഹൈക്കോടതി ശരിവച്ചു, സംപ്രേഷണം നിർത്തി

കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളുള്ളതിനാലാണ് ചാനലിനു സുരക്ഷാ അനുമതി നല്‍കാത്തതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പരിഗണിച്ചാണ് കോടതി നടപടി.

കേന്ദ്ര നടപടി ചോദ്യം ചെയ്ത് ചാനല്‍ മാനേജ്‌മെന്റായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് എന്‍.നഗരേഷ് തള്ളി. അപ്പീല്‍ സമര്‍പ്പിക്കാന്‍ ചാനല്‍ രണ്ട് ദിവസം സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് , ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേഷണം തടഞ്ഞത്എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദേശസുരക്ഷയേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും ബാധിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ സുരക്ഷാ അനുമതി പുതുക്കാത്തതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ ഫയലുകള്‍ പരിശോധിച്ചതില്‍നിന്നു മനസിലാവുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലൈസന്‍സ് നീട്ടാനാവില്ലന്നും കോടതി വ്യക്തമാക്കി.

ദേശസുരക്ഷയുടെ പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഉചിതമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടന്നും കോടതി വ്യക്തമാക്കി. രഹസ്വാന്വേഷണ വിവരങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ലൈന്‍സന്‍സ് പുതുക്കരുതെന്ന ശിപാര്‍ശ
ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായാണ് മനസിലാക്കുന്നതെന്നും ഹര്‍ജികളില്‍ ഇടപെടാനാവില്ലന്നും കോടതി വ്യക്തമാക്കി.

അതേസമയം, കോടതി വിധി മാനിച്ച് സംപ്രേക്ഷണം നിർത്തിവയ്ക്കുന്നതായി എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം ലൈവിൽ വ്യക്തമാക്കി.

ജനുവരി 31നാണു മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം വിലക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് പുതുക്കാനാവില്ലെന്നു സര്‍ക്കാര്‍ ചാനല്‍ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇതിനെതിരായി ചാനല്‍ മാനേജ്‌മെന്റ് അന്നു തന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു സ്റ്റേ ചെയ്തു.

ഫെബ്രുവരി രണ്ടിനു ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ഇടക്കാല ഇത്തരവിന്റെ കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടിയിരുന്നു.ദേശീയ സുരക്ഷാ കാരണങ്ങളാലാണു ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതെന്നു വ്യക്തമാക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസക്തമായ ഫയലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ സിറ്റിങ്ങില്‍ കോടതി കേന്ദ്രത്തിനു നിര്‍ദേശം നല്‍കിയിരുന്നു.

തങ്ങള്‍ക്കു സുരക്ഷാ അനുമതി ലഭിച്ച 10 വര്‍ഷത്തിനിടയില്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി ഒരിക്കല്‍ പോലും പരാതിയില്ലെന്നു ചാനലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എസ്.ശ്രീകുമാര്‍ ഇന്നലെ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

മന്ത്രാലയത്തിന്റെ ഉത്തരവ് മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇത് ആശങ്കാജനകമാണെന്നും പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ അഭിഭാഷകന്‍ ജാജു ബാബു വാദിച്ചു. നിയമപരമായ നടപടിക്രമങ്ങളോ ഉത്തരവോ പാലിക്കാതെയാണ് ലൈസന്‍സ് റദ്ദാക്കിയത്. ദേശീയ സുരക്ഷയുടെ ലംഘനമാണെന്നു തെളിയിക്കാന്‍ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ മാധ്യമസ്വാതന്ത്ര്യം അനിയന്ത്രിതമായ ലൈസന്‍സല്ലെന്നായിരുന്നു ഹര്‍ജികളെ എതിര്‍ത്ത് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ്.മനു വാദിച്ചത്. ഒരിക്കല്‍ സുരക്ഷാ അനുമതി നല്‍കിയാല്‍ അത് ഒരിക്കലും റദ്ദാക്കാനാകില്ലെന്നു വാദിക്കാന്‍ കഴിയില്ല. സുരക്ഷാ അനുമതി ശാശ്വതമല്ലെന്നും അദ്ദേഹം വാദിച്ചു.

ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി മരവിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഒരു ദിവസത്തേക്കു കൂടി ഇന്നലെ നീട്ടിയിരുന്നു.

Also Read: മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജിയില്‍ വിധി നാളെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Media one ban high court verdict

Best of Express