മലപ്പുറം: കേരളത്തിനെതിരെ ഡല്‍ഹി കേന്ദ്രീകരിച്ച് സംഘപരിവാര്‍ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍ സത്യം ബോധ്യപ്പെടുത്തി മറുപടി നല്‍കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 54ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തിനെതിരായ അധിക്ഷേപത്തെ ആ നിലയില്‍ കാണാന്‍ പത്രപ്രവര്‍ത്തകര്‍ക്കായില്ലെന്നത് ദുഃഖകരമാണ്. അതേസമയം ഉത്തരേന്ത്യയിലെ ചില പത്രപ്രവര്‍ത്തകര്‍ വസ്തുതകള്‍ തുറന്നു കാട്ടി വിളിച്ചു പറയാന്‍ തയാറായി എന്നതും ശ്രദ്ധേയമാണ് അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ കേരള വിരുദ്ധ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച ചില മുഖ്യധാരാ ടിവി ചാനലുകള്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടില്ലെന്ന് വിമര്‍ശനമുണ്ട്. ഇതു പരിശോധിക്കണമെന്നും പിണറായി പറഞ്ഞു. മതനിരപേക്ഷതയും വര്‍ഗീയതയും ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷരാവുകയല്ല മതനിരപേക്ഷതയുടെ പക്ഷം ചേരുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. മതനിരപേക്ഷത നിലനിന്നാലേ മാധ്യമസ്വാതന്ത്ര്യവും നിലനിലക്കൂ എന്ന തിരിച്ചറിവ് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകണം.

രാജ്യത്ത് വളരെപെട്ടെന്നാണ് സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാകുന്ന ഗുരുതരസ്ഥിതിയുണ്ടായിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരടക്കം കൊല്ലപ്പെടുമ്പോള്‍ ചില സര്‍ക്കാരുകള്‍ നടപടികളില്‍ നിന്ന് ഒളിഞ്ഞുനില്‍ക്കുന്നു. നാം എന്ത് കാണണമെന്നും വായിക്കണമെന്നും മറ്റുള്ളവര്‍ നിശ്ചയിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഈയടുത്താണ് ഗൗരി ലങ്കേഷും ശന്തനു ഭൗമിക്കുമടക്കം കൊല്ലപ്പെട്ടത്. പലര്‍ക്കും മരണ വാറണ്ടുലഭിച്ചിട്ടുണ്ട്. അധികാരമുപയോഗിച്ച് മാധ്യമസ്വാതന്ത്ര്യത്തെ ഞെരിക്കാനുള്ള ശ്രമങ്ങള്‍ രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. അതിഭീകരമായ ഈ ഇന്ത്യന്‍ അവസ്ഥയോടും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ ഗൗരവമായി പ്രതികരിക്കുന്നുണ്ടോ എന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതികളില്‍ നിന്ന് മാധ്യമങ്ങളെ തടയുന്ന സമീപനം അംഗീകരിക്കാനാവില്ല. ഇതിനെതിരെ സര്‍ക്കാര്‍ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതി മാറിയിട്ടില്ല. ഇക്കാര്യത്തില്‍ പത്ര പ്രവര്‍ത്തക സംഘടന എടുക്കുന്ന നിലപാടിനൊപ്പം സര്‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.