തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി ചില മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നല്ല രീതിയില്‍ നടന്നു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഇപ്പോള്‍ തിരിച്ചറിവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് പ്രത്യേക അകല്‍ച്ച ഉണ്ടെന്ന് തോന്നുന്നില്ല. ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കാതിരിക്കാന്‍ വോട്ടര്‍മാര്‍ യുഡിഎഫിന് വോട്ട് ചെയ്തതാണ് യുഡിഎഫ് വിജയത്തിന് കാരണം. അല്ലാതെ ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോട് അകല്‍ച്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: അപ്രതീക്ഷിത ഫലം, സ്ഥായിയായ ഒന്നല്ല: മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തി. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ല. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു.

Read More: ശൈലിയൊന്നും മാറ്റില്ല, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണ്: പിണറായി വിജയന്‍

സുപ്രീം കോടതി വിധി നടപ്പിലാക്കിയതിനെയാണ് ചിലര്‍ വിശ്വാസികള്‍ക്ക് എതിരായ പ്രവര്‍ത്തനമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇത് വോട്ടര്‍മാരെയും തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ക്കിപ്പോള്‍ യാഥാര്‍ഥ്യം മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  സിപിഎം മറ്റത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വി അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു ഫലം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. ഇതൊരു താല്‍ക്കാലികമായ തിരിച്ചടിയാണ്. സ്ഥായിയായ ഒരു കാര്യമല്ലെന്നും തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More: ‘ഷര്‍ട്ട് മാറുന്നതുപോലെ ശൈലി മാറ്റാനാകില്ല’; പിണറായിയെ പിന്തുണച്ച് കാനം

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത ചില വിഷയങ്ങളുണ്ടായിട്ടുണ്ട്. അത് വരും ദിവസങ്ങളില്‍ പാര്‍ട്ടി പരിശോധിക്കും. രാജ്യത്തിന്റെ ഭാവിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നു. മോദി ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിച്ച ജനങ്ങളാണ് കേരളത്തിലുള്ളത്. അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കേന്ദ്രത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് വേണം എന്ന വിശ്വാസത്തിലാണ് അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. അതിനൊപ്പം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവും ഒരു കാരണമായി. ആരോട് മത്സരിക്കാനാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന് അന്ന് തന്നെ ഇടതുപക്ഷം ചോദിച്ചിരുന്നു. എന്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയതെന്ന് എല്ലാവര്‍ക്കും മനസിലായില്ലേ എന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.