തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി സർക്കാർ. മുൻ മന്ത്രി ഉൾപ്പെട്ട ഫോൺകെണി അന്വേഷിച്ച ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ അക്രഡിറ്റേഷനുളള മാധ്യമ പ്രവർത്തകരുൾപ്പടെയുളളവരെയാണ് സെക്രട്ടേറിയറ്റിൽ കയറ്റാതിരുന്നത്. എന്നാൽ എന്താണ് കാരണമെന്ന് ഔദ്യോഗികമായ അറിയിപ്പ് ഒന്നും തന്നെ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചിരുന്നില്ല. പൊതുതാൽപര്യമുളള കാര്യങ്ങളൊന്നും സെക്രട്ടേറിയറ്റിൽ നടക്കുന്നില്ലെന്നാണ് സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിതിനുളള മറുപടിയായി പറഞ്ഞത്.

ചീഫ് സെക്രട്ടറി, പി ആർ ഡി ഡയറക്ടർ, ഡി ജി പി  എന്നിവരുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരോട് തങ്ങൾക്ക് ഇക്കാര്യം അറിയില്ലെന്നും അങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. വിലക്ക് എന്തിനായിരുന്നുവെന്നുളളതിന് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

മന്ത്രിയായിരുന്ന എ. കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം സംബന്ധിച്ച ജസ്റ്റിസ് പി എസ് ആന്രണി കമ്മീഷൻ റിപ്പോർട്ടാണ് ഇന്ന് മുഖ്യമന്ത്രിക്ക് നൽകിയത്.  ഫോൺകെണി ഒരുക്കി കേസിൽ പെട്ടത് മംഗളം ചാനലായിരുന്നു.റിപ്പോർട്ട് നൽകുന്ന ദിവസം മംഗളം പത്രത്തിൽ “മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കണെന്ന് ഇന്രലിജൻസ് റിപ്പോർട്ട്” എന്ന തലക്കെട്ടിൽ  വാർത്ത വന്നിരുന്നു. അക്രമികൾ നുഴഞ്ഞുകയറാൻ സാധ്യതയെന്നും അതിൽ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിലൊരു റിപ്പോർട്ടും സെപഷ്യൽബ്രാഞ്ചോ ഇന്രലിജൻസോ നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ പറയുന്നു.

സെക്രട്ടേറിയറ്റിനുളളിൽ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധം രേഖപ്പെടുത്തി. സിപി ഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരനും പന്ന്യൻ രവീന്ദ്രനും മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന തങ്ങളുടെ നിലപാട് വ്യക്തമാക്കി.

സെക്രട്ടേറിയറ്റിൽ അക്രഡിറ്റേഷനുളള മാധ്യമ പ്രവർത്തകർക്കു പോലും റിപ്പോർട്ടിങിന് അനുമതി നൽകാതിരുന്നത് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഈ നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യബോധത്തിന് നിരക്കാത്തതുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പറഞ്ഞു. സർക്കാർ നടപടി അപലപനീയമാണെന്നും കെ യു ഡബ്ലിയു ജെ പ്രസ്താവനയിൽ പറഞ്ഞു.

ആർ എസ് എസ്, സി പി എം അക്രമങ്ങളുടെ പശ്ചാതലത്തിൽ ചേർന്ന യോഗത്തിൽ നിന്ന് “കടക്ക് പുറത്ത് ” എന്ന് ആക്രോശിച്ച് മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം “മാറി നിൽക്ക്” എന്നായിരുന്നു മുഖ്യമന്ത്രിയെ സമീപിച്ച മാധ്യമപ്രവർത്തകരോടുളള മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതെ മാധ്യമങ്ങളെ കയറ്റാതിരുന്ന നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ