കൊല്ലം: മീ ടൂ ആരോപണത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതായാണ് അറിവ്. മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പൊലീസാണ് നിയമോപദേശം തേടിയത്.
മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫാണ് രംഗത്തെത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി നടക്കുന്ന സമയത്താണ് സംഭവമുണ്ടായതെന്ന് ടെസ്സ് ജോസഫ് പറയുന്നു.
ഈ പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താൻ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിർത്താതെ തന്റെ ഹോട്ടൽ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്തിയെന്നുമാണ് ടെസ്സ് ജോസഫ് വെളിപ്പെടുത്തിയത്. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടലിന്റെ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ്സ് ആരോപിച്ചിരുന്നു.
അതേസമയം ഇതു പുറത്തു പറഞ്ഞതിലൂടെ ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് ടെസ്സ് ജോസഫ് പറഞ്ഞിരുന്നു. 20-ാം വസയിലായിരുന്നു ടെസ്സ് കോടീശ്വരന്‍ പോലൊരു പരിപാടിയുടെ സംവിധായികയാകുന്നത്. എന്നാല്‍ അതിനു ശേഷം ഈ അവസരം നഷ്ടപ്പെട്ടതായും ടെസ്സ് ജോസഫ് വെളിപ്പെടുത്തി. ഇതായിരുന്നു തന്നെ ഏറ്റവുമധികം ബാധിച്ചതെന്നും ടെസ്സ് പറയുന്നു.