തിരുവനന്തപുരം: മീ ടൂ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടനും ഇടത് എംഎൽഎയുമായ മുകേഷടക്കം ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ലെന്ന് പറഞ്ഞ മന്ത്രി നിയമപരമായി നീങ്ങിയാൽ പരാതിക്കാരിക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുളളതാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, അമ്മയും ഡബ്ല്യുസിസിയും തമ്മിലുളള തർക്കം അവർ തന്നെ പരിഹരിക്കണമെന്നും പറഞ്ഞു.

മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറും നിര്‍മ്മാതാവുമായ ടെസ്സ് ജോസഫാണ് രംഗത്തെത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നിങ്ങൾക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടി നടക്കുന്ന സമയത്താണ് സംഭവമുണ്ടായതെന്ന് ടെസ് ജോസഫ് പറയുന്നു.

ഈ പരിപാടി നടക്കുന്ന സമയത്ത് ക്രൂവിലെ ഏക വനിതാ അംഗം താൻ മാത്രമായിരുന്നുവെന്നും ആ സമയത്ത് മുകേഷ് നിർത്താതെ തന്റെ ഹോട്ടൽ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്തിയെന്നുമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടൽ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ടെസ് ആരോപിച്ചിരുന്നു.

ഇതു പുറത്തു പറഞ്ഞതിലൂടെ ഇത്തരക്കാരെ തുറന്നുകാട്ടാന്‍ മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് ടെസ് ജോസഫ് പറഞ്ഞിരുന്നു. 20-ാം വസയിലായിരുന്നു ടെസ് കോടീശ്വരന്‍ പോലൊരു പരിപാടിയുടെ സംവിധായികയാകുന്നത്. എന്നാല്‍ അതിനു ശേഷം ഈ അവസരം നഷ്ടപ്പെട്ടതായും ടെസ് ജോസഫ് വെളിപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ