കൊച്ചി: ടാറ്റു ചെയ്യാന്‍ എത്തിയ യുവതികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ ‘ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ പാര്‍ലര്‍’ ഉടമ പി.എസ്. സുജീഷിനെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ടാറ്റു സ്റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായതായാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനുപിന്നാലെയാണ് പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ മീ ടൂ ആരോപണം ഉയരുന്നത്. ഇതിനുപിന്നാലെ സോഷ്യൽ മീഡിയയിലൂടെ മറ്റു പലരും തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇതുവരെ ആറ് കേസുകളാണ് കൊച്ചി ഇടപ്പള്ളിയിലെ ഇൻക് ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ രജിസ്റ്റർ ചെയ്തത്. ടാറ്റൂ ചെയ്യുന്നതിനു മുൻപ് സ്വകാര്യഭാഗങ്ങളിൽ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായാണ് പെൺകുട്ടികൾ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
മീ ടൂ ആരോപണം ഉയർന്നതിനുപിന്നാലെ സുജീഷ് ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഇന്നലെ കമ്മിഷണർ അറിയിച്ചിരുന്നു. യുവതികളുടെ പരാതിയിൽ പാലാരിവട്ടം, ചേരാനെല്ലൂർ പൊലീസാണ് കേസെടുത്തത്.
2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.