കൊച്ചി:  ആലുവയിൽ ലക്ഷത്തിലേറെ രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കൊടുങ്ങല്ലൂർ എറിയാട് സ്വദേശികളായ ജാസിം (24), അബ്ദുൾ റഹീം(22) എന്നിവരാണ് ആലുവയിലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ആലുവ മെടോ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മയക്കുമരുന്ന് ആവശ്യപ്പെട്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിഎൻ സുധീറിന്റെ നേതൃത്വത്തിലുളള സംഘം വിരിച്ച വലയിൽ പ്രതികൾ വന്ന് വീഴുകയായിരുന്നു.

ഇരുവരുടെയും പക്കൽ നിന്ന് 12 ഗ്രാം എംഡിഎംഎ യാണ് കണ്ടെത്തിയത്. അനധികൃത വിപണിയിൽ ഏതാണ്ട് ഒന്നര ലക്ഷം രൂപ വരെ വില വരുന്നതാണ് ഈ ലഹരിമരുന്നെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവരുടെ നേതാവിനെ പിടികൂടാൻ എക്സൈസ് സംഘം കെണിയൊരുക്കിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല.

ബെംഗലുരുവിൽ നിന്നാണ് പ്രതികൾ കൊച്ചിയിലേക്ക് എംഡിഎംഎ എത്തിച്ചിരുന്നത്. ഇവർ ക്രിസ്തുമസ്-പുതുവത്സസരാഘോഷ സമയത്തും കൊച്ചിയിലേക്ക് എംഡിഎംഎ എത്തിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.

“കുറച്ച് ദിവസമായി ഇവരെ എക്സൈസ് സംഘം നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു. ബെംഗലുരുവിൽ നിന്ന് ഒരു നീഗ്രോ യുവാവാണ് മയക്കുമരുന്ന് നൽകിയതെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ഇവർക്ക് അറിയില്ല. സംഘത്തിലെ മൂന്നാമന് മാത്രമാണ് ഇയാളുടെ പേര് വിവരം അറിയാവുന്നത്,” സർക്കിൾ ഇൻസ്പെക്ടർ സുധീർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

ആലുവ, ഇടപ്പള്ളി, കലൂർ ഭാഗങ്ങളിലാണ് പ്രതികൾ മയക്കുമരുന്ന് വിൽക്കുന്നത്. പൊടിരൂപത്തിലുളള മയക്കുമരുന്ന് ഗ്രാമിന് 15000 രൂപ വരെയാണ് പ്രതികൾ ഈടാക്കിയിരുന്നത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറുമെന്നും ടിഎൻ സുധീർ അറിയിച്ചു.

സർക്കിൾ ഇൻസ്പക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, ഹാരിസ്, എംപി ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ്, സുനീഷ് കുമാർ, പ്രദീപ് കുമാർ, പിജി അനൂപ്, ഡ്രൈവർ അഫ്സൽ എന്നിവരും ഉണ്ടായിരുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ