കൊച്ചി: കാക്കനാട് നിയമവിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. ഇന്നലെ അങ്കമാലിയിൽ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ മുഹമ്മദ് അസ്‌ലമി (23)ന്റെ വീട്ടിൽ നിന്നുമാണ് 11 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ബെംഗളൂരുവിൽ എൽഎൽബി വിദ്യാർത്ഥിയായ ഇയാൾ ന്യൂഇയർ പാർട്ടിക്കായി വിശാഖപട്ടണത്തു നിന്ന് കൊച്ചിയിലേക്ക് ഹാഷിഷ് ഓയിൽ എത്തിക്കുന്നതിനിടയിലാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസിലൂടെയാണ് ഇയാൾ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്.
അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കടത്ത് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഇടപ്പള്ളിയില്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ മാത്രമായിരുന്നു നിര്‍ദേശമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. മുഹമ്മദ് അസ്‌ലമിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Also Read: സംസ്ഥാനത്ത് 500 കോടി രൂപയുടെ അടയ്ക്കാ നികുതി വെട്ടിപ്പ്; ഒരാൾ പിടിയിൽ