കൊച്ചി: മയക്കു മരുന്ന് കേസില്‍ നടി അശ്വതി ബാബുവിനെതിരായ അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയാണ് നടിക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിക്കുന്നത്.
കൊച്ചി സിറ്റി പൊലീസ് സംഘം ഉടന്‍ മുംബെെയിലേക്ക് തിരിക്കും. അതേസമയം, അശ്വതി ബാബു മയക്കുമരുന്ന് ഇടപാടിലൂടെ മാത്രം സ്വന്തമാക്കിയത് ലക്ഷങ്ങളാണെന്ന് പൊലീസ് കണ്ടെത്തി. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ചയാണ് ഉണ്ടായത്. വരാപ്പുഴയില്‍ ഒരു വീടും കൊച്ചിയില്‍ ഒരു ഫ്‌ളാറ്റും ഇവര്‍ അടുത്തിടെ വാങ്ങിയതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയിലിരിക്കെ അശ്വതി ബാബു മയക്കുമരുന്നിനായി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മുംബൈയിലെ മലയാളിയില്‍ നിന്നും സ്വകാര്യ ബസ് മാര്‍ഗം നടിയുടെ ഡ്രൈവര്‍ ബിനോയാണ് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ചിരുന്നത്. പിന്നീട് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുകയാണ് രീതി. വില്‍പ്പനയോടൊപ്പം തന്നെ ലഹരി മരുന്ന് സ്വയം ഉപയോഗിക്കാനായും നടി എത്തിച്ചിരുന്നു.
യുവാക്കളുടെ ഒരു സംഘവും നടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ ഡ്രൈവര്‍ക്ക് പകരം ഈ സംഘത്തിലെ യുവാക്കളാണ് മുംബെെയില്‍ നിന്നും ലഹരി മരുന്നുകള്‍ എത്തിക്കുക. യുവാക്കളുടെ സംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് നടി അശ്വതി ബാബുവിനെയും ഡ്രൈവര്‍ ബിനോയെയും തൃക്കാക്കര പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് പിടിച്ചെടുത്തത്.