ന്യൂഡൽഹി: സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകൾക്കുള്ള അനുമതി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ജസ്റ്റിസ് ലോധ അദ്ധ്യക്ഷനായ സമിതി ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജിനുള്ള അനുമതിയും റദ്ദാക്കി.

കോഴ വിവാദത്തില്‍പ്പെട്ട വര്‍ക്കല എസ് ആര്‍ കോളേജ് അടക്കമുള്ളവയ്ക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യം വിലയിരുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് ആയിരം സീറ്റുകള്‍ കേരളത്തിന് നഷ്ടമാകും.

വയനാട്ടിലെ ഡോ.മൂപ്പൻ വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാലക്കാട് കേരള മെഡിക്കൽ കോളേജ്, തൊടുപുഴ അൽഅഷർ മെഡിക്കൽ കോളേജ് എന്നീ മെഡിക്കൽ കോളേജുകളിൽ അടുത്ത രണ്ട് വർഷം പ്രവേശനം നടത്താനാവില്ല.

ആറ് കോളേജുകളിലും 150 സീറ്റുകൾ വീതമാണ് ഉള്ളത്. ഇതിനോടൊപ്പം തന്നെ കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, അടൂരിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജുകൾക്ക് കഴിഞ്ഞവർഷം അധികമായി അനുവദിച്ച സീറ്റുകൾ മെഡിക്കൽ കൗൺസിൽ പിൻവലിച്ചിട്ടുണ്ട്.

കണ്ണൂരിന് 50 സീറ്റുകളിലും അടൂരിൽ 100 സീറ്റുകളുമാണ് നഷ്ടമാവുക. ഇതോടെ 1050 സീറ്റുകൾ കേരളത്തിന് നഷ്ടമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ