കൊച്ചി: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുസ്‌ലിം ലീഗ് എംഎൽഎ എം.സി.കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കമറുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

കൂടുതൽ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തതായും സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാട് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.

ചോദ്യം ചെയ്യൽ പൂർത്തിയായെന്നും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി കമറുദ്ദീൻ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്. നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.

Read Also: Kerala Weather: ‘ബുറെവി’ ചുഴലിക്കാറ്റ്: തെക്കൻ കേരളത്തിൽ ‘പ്രീ സൈക്ലോൺ വാച്ച്’ മുന്നറിയിപ്പ്, ജാഗ്രത

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.