സമരം ചെയ്ത കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയെ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ. നിയമസഭ എത്തിക്സ് കമ്മിറ്റി അംഗമായ പിസി ജോർജ്ജ് കേരളത്തിലെ സ്ത്രീകളെ തുടർച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. വനിതാ കമ്മിഷൻ മെഗാ അദാലത്തിനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസഫൈൻ.

ഇപ്പോൾ കന്യാസ്ത്രീകൾക്കെതിരെയാണ് പി സി ജോർജ്ജിന്റെ അവഹേളനം. ഇവിടെ ആർക്കും സമരം ചെയ്യാം. ന്യായമായ ആവശ്യം ഉന്നയിച്ചാണ് കന്യാസ്ത്രീകൾ സമരം ചെയ്തത്. അതിൽ സമൂഹത്തിലെ പല ഭാഗത്തുനിന്നുമുള്ളവർ പങ്കെടുക്കുകയും ചെയ്തു.സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.

ഏതൊരു ജനപ്രതിനിധി ആയാലും സംസാരിക്കുന്ന ഭാഷയും ചലനങ്ങളും വാക്പ്രയോഗങ്ങളും ശരിയല്ലെങ്കിൽ സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും’ ചിലപ്പോൾ ‘അമറും’. ‘അവൾ പറയട്ടെ’ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. സ്ത്രീകൾ‍ ഉറക്കെ സംസാരിക്കട്ടെ, ശക്തമായ ഭാഷയിൽ പ്രതികരിക്കട്ടെ. അങ്ങനെ പ്രതികരിക്കുന്നവരെ മോശം പദപ്രയോഗങ്ങളിലൂടെ നിശബ്ദരാക്കാൻ നോക്കേണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.

ഒരു നിയമസഭാ സാമാജികനാണെന്ന പ്രിവിലജ് കൊടുക്കുന്നതുകൊണ്ടാണ് ‘അദ്ദേഹം’ എന്നു പറയുന്നത്. അല്ലെങ്കിൽ അതേ ഭാഷയിൽ മറുപടി നൽകാം. പിസി ജോർജിന്റെ പ്രതികരണങ്ങൾ ശ്രദ്ധിച്ച്, ഉടൻ യോഗം ചേർന്ന് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ജോസഫൈൻ അറിയിച്ചു. സ്പീക്കർ അത് എത്തിക്സ് കമ്മിറ്റിക്കു വിട്ടു.

എന്നാൽ നിയമപരമായ സാധ്യത അന്വേഷിച്ചുകൊണ്ട്, കമ്മിറ്റിയിൽ പിസി ജോർജിനെ ഇരുത്തുന്നത് യോജ്യമാണോ എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ആരോപിതനെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ടുള്ള അന്വേഷണം എത്രമാത്രം ശരിയായിരിക്കുമെന്ന കാര്യത്തിലും സംശയമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ