മൂവാറ്റുപുഴ: അമ്മ പ്രണയിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മകൾ പൊലീസ് സ്റ്റേഷനിലെത്തി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് അപൂർവ്വമായ പരാതിയുമായി എംബിഎ വിദ്യാർത്ഥിനിയായ യുവതി എത്തിയത്. ചെറുപ്പം തൊട്ടുള്ള തന്റെ പ്രണയം അമ്മ അംഗീകരിക്കുന്നില്ലെന്നും ഇതിന്റെ പേരിൽ മർദ്ദിക്കുകയും വഴക്കു പറയുന്നുവെന്നുമാണ് ഇവരുടെ പരാതി.

പരാതി സ്വീകരിച്ച എസ്ഐ, യുവതിയുടെ അമ്മയെയും സഹോദരിമാരെയും കാമുകനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കാമുകനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പിന്നീട് മുത്തച്ഛന്റെ കൂടെയാണ് പെൺകുട്ടിയെ വിട്ടത്. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ നാട്ടിലെത്തിയ ശേഷം വിവാഹ കാര്യം ആലോചിക്കാമെന്ന് അമ്മ എസ്ഐ യ്ക്ക് വാക്കുനൽകി.

ചെറുപ്പം മുതൽ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ഇക്കാര്യം വീട്ടുകാർക്കറിയാം. എന്നാൽ യുവതിയുടെ അമ്മയ്ക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ പേരിൽ നിരന്തരം അമ്മ ഇവരെ വഴക്ക് പറഞ്ഞിരുന്നതായാണ് പരാതി. പതിനെട്ട് വയസ് പൂർത്തിയായ തന്റെ പ്രണയം അമ്മ “അംഗീകരിക്കുന്നില്ലെ”ന്നും, ഇതിന്റെ പേരിൽ “തല്ലുക”യും “വഴക്ക് പറയുക”യും ചെയ്യുന്നതായി യുവതി മൂവാറ്റുപുഴ എസ്ഐ യോട് വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ യുവാവിന്റെ വീട്ടിലേക്കാണ് പോയത്. “ഞാനിനി അമ്മയുടെ അടുത്തേക്ക് പോകില്ലെന്ന്” പറഞ്ഞതോടെ യുവാവിന്റെ അമ്മ യുവതിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടു. ഇതിന് ശേഷം ഇവിടെ നിന്നും ഇറങ്ങിയ യുവതി നേരെ പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ അമ്മയോട് വിവാഹത്തെ കുറിച്ച് ആലോചിക്കണമെന്ന് എസ്ഐ നിർദ്ദേശിച്ചു. 18 വയസ് പൂർത്തിയായ യുവതിയുടെ തീരുമാനം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനിക്കാൻ ആകില്ലെന്നും വിദേശത്തുള്ള അച്ഛൻ വന്ന ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അവർ പറഞ്ഞു.

യുവതിയെ കൂടെ വിടണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും കൂടെ പോകില്ലെന്ന നിലപാടായിരുന്നു യുവതിയുടേത്. അമ്മയുടെ കൂടെ എന്തുവന്നാലും പോകില്ലെന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെ മുത്തച്ഛന്റെ കൂടെ യുവതിയെ വിട്ടു. നിയമപരമായി വിവാഹം കഴിക്കാത്തതിനാലാണ് യുവാവിനൊപ്പം യുവതിയെ വിടാതിരുന്നത്. അതേസമയം പെൺകുട്ടിയെ അമ്മ തല്ലാറില്ലെന്ന് സഹോദരിമാർ പൊലീസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ