തിരുവനന്തപുരം: എം.ബി.രാജേഷ് പിണറായി വിജയന് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
തന്റെ വകുപ്പ് ഏതാണെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നാണ് സത്യപ്രതിജ്ഞ ചടങ്ങിന് പുറപ്പെടും മുമ്പ് എം.ബി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞത്. സ്പീക്കറായിരുന്നപ്പോൾ നീതിയുക്തമായി പ്രവർത്തിച്ചു. മന്ത്രിയാകുമ്പോഴും നീതിപൂർവ്വമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എം.വി.ഗോവിന്ദന് കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എം.ബി.രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം.
വി.ടി.ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് എം.ബി.രാജേഷ് ഇത്തവണ സഭയിലെത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എംപിയായിരുന്നു.