പാലക്കാട്: തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ്. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നുപേര്‍ ഉപജാപം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
വിഷയവിദഗ്ധരായ മൂന്നു പേരുടെ വ്യക്തിപരമായ താല്‍പ്പര്യത്തില്‍നിന്നുണ്ടായ പ്രശ്നമാണിത്. മൂന്നുപേരില്‍ ഒരാളുടെ താല്‍പ്പര്യ പ്രകാരം, ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഈ ഉദ്യോഗാർഥിയുമായി ബന്ധമുണ്ടായിരുന്നു. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാല്‍പ്പര്യം സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു.
നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവിലും ഇത്തരം ശ്രമം നടന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടത്.
എല്ലാം വിജയിക്കാതെ വന്നപ്പോള്‍ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാള്‍ മുഖേന നിനിതയ്ക്ക് എത്തിച്ചു നല്‍കി. പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ നിനിത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.
Also Read: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം ഏപ്രിൽ 23ന്
നിനിത ജോയിന്‍ ചെയ്താല്‍ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണി. മൂന്നാം തീയതി ജോയിന്‍ ചെയ്തതിനു ശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും തുടര്‍ന്ന് കത്ത് പുറത്തുവിടുകയുമായിരുന്നു. സമ്മര്‍ദത്തിനും ഭീഷണിയ്ക്കും വഴങ്ങില്ലെന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് വിഷയവിദഗ്ധര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതു ക്രമവിരുദ്ധമാണ്.
അതിനിടെ, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിനിതയെ നിയമിച്ചതിനെതിരെ നിയമന റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയ ഡോ. വി ഹിക്മത്തുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. യോഗ്യതയുള്ള തന്നെ മറികടന്നാണ് നിനിതയ്്ക്കു മുസ്ലിം വിഭാഗത്തില്‍ നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ഹിക്മത്തുള്ളയുടെ പരാതി. നിയനമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നും ഹിക്മത്തുള്ള പരാതിയില്‍ ആവശ്യപ്പെട്ടു. ഇതേകാര്യം ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഗവര്‍ണറുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ഏഴംഗ സെലക്ഷന്‍ കമ്മിറ്റിയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത്. വൈസ് ചാന്‍സലാണ് സമിതി ചെയര്‍മാന്‍. നിയമനത്തില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ ബോര്‍ഡിലെ ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രന്‍, ഡോ. ഉമര്‍ തറമ്മേല്‍, ഡോ.കെ.എം. ഭരതന്‍ എന്നിവര്‍ വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കിയതോടെയാണു സംഭവം വിവാദമായത്. റാങ്ക് പട്ടികയില്‍ നിനിത ആയിരുന്നില്ല മുന്നിലെന്നായിരുന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. കത്ത് ഇന്ന് പുറത്തുവന്നിരുന്നു.
തങ്ങള്‍ തയാറാക്കിയ നല്‍കിയ ലിസ്റ്റില്‍ നിര്‍ദേശിച്ച ഉദ്യോഗാര്‍ത്ഥി നിനിത കണിച്ചേരിയല്ലെന്ന് ഡോ. ഉമര്‍ തറമേല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി സബ്ജക്ട് എക്‌സ്പര്‍ട്ടായി നിയമനപ്രക്രിയകളില്‍ പങ്കെടുക്കില്ലെന്നുമാണ് കാലിക്കറ്റ് സര്‍വകലാശാലാ മലയാള- കേരളപഠനവകുപ്പ് പ്രൊഫസറായ ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
Also Read: പരമാധികാരി തന്ത്രി; ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി പിഎസ്‌സി നേരത്തെ നടത്തിയ എഴുത്തുപരീക്ഷയില്‍ 212-ാം റാങ്കാണ് നിനിത കണിച്ചേരിക്കുള്ളത്. എന്നാല്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നാണു നിനിതയുടെ പ്രതികരണം. ഏഴു കൊല്ലം മുന്‍പ് വന്ന റാങ്ക് ലിസ്റ്റാണിതെന്നും കാലടി സര്‍വകലാശാലയിലെ അഭിമുഖത്തില്‍ തനിക്കു താഴെവന്നവരുടെ പേര് ഈ റാങ്ക് ലിസ്റ്റില്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് കാണിക്കണമെന്നും നിനിത ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞദിവസം പറഞ്ഞു.
”വിവാദങ്ങളുടെ അന്തിമ ലക്ഷ്യം ഞാനല്ലെന്ന് അറിയാം. എന്നാല്‍ എന്നെക്കൂടി ബാധിക്കുന്നതാണ് ഈ വിഷയങ്ങളെല്ലാം. കാലടി സര്‍വകശാലയില്‍ ജോലി ലഭിച്ചെങ്കിലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ചേരുന്ന കാര്യം താന്‍ തീരുമാനിച്ചിരുന്നില്ല. പഎന്നാല്‍ ബോധപൂര്‍വം എന്നെ ജോലിയില്‍നിന്നു നീക്കാന്‍ ചില കോണുകളില്‍നിന്നു ശ്രമമുണ്ടായി. ഇതോടെയാണു ജോലിക്കു ചേര്‍ന്നത്. വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സര്‍വകലാശാലയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ” നിനിത പറഞ്ഞു.
യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സുതാര്യമായുമാണ് നിനിതയുടെ നിയമനമെന്ന് കാലടി സര്‍വകലാശാല വ്യക്തമാക്കി. യുജിസി മാനദണ്ഡവും സിന്‍ഡിക്കേറ്റ് തീരുമാനവുമനുസരിച്ച് ഇന്‍ഡക്‌സ് മാര്‍ക്ക് 60 ലഭിച്ച അഞ്ചുപേരെ അഭിമുഖത്തിന് വിളിച്ചു. വൈസ് ചാന്‍സലര്‍ ചെയര്‍മാനായ ഏഴംഗ ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. മൂന്നു ഭാഷാവിദഗ്ധരെ കൂടാതെ ഗവര്‍ണറുടെ നോമിനിയായ ഭാഷാവിദഗ്ധന്‍, ഫാക്കല്‍റ്റി ഡീന്‍, വകുപ്പുതലവന്‍ എന്നിവരാണ് സെമിതിയിലുണ്ടായിരുന്നത്. വിസി ചെയര്‍മാന്‍ എന്നനിലയില്‍ ഒരു ഉദ്യോഗാര്‍ഥിക്കും മാര്‍ക്ക് ഇട്ടില്ല. ബാക്കി ആറുപേര്‍ ഓരോരുത്തരുടെയും മാര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നു. ഇതില്‍നിന്ന് കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക്പട്ടിക തയാറാക്കുകയും ആദ്യറാങ്കുകാരിയെ നിയമിക്കുകയുമായിരുന്നുവെന്ന് സര്‍വകലാശാല വ്യക്തമാക്കി.
Also Read: 111 ഹെെടെക് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
അതേസമയം, കാലടി സര്‍വകലാശാലയില്‍ നടന്നത് ചട്ടലംലനമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. പിഎസ്‌സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വിസ് കമ്മിഷന്‍ ആയി. സിപിഎമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളില്‍ സ്ഥിരപ്പെടുത്തുന്നു. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയുമെങ്കിലും ജോലിക്കാര്യത്തില്‍ ഇത് ബാധകമല്ലെന്നതാണു സ്ഥിതി. വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ കഴിഞ്ഞദിവസം കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം സര്‍വകലാശാലയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ടു.