പാലക്കാട്: ലോകകപ്പ് സെമി ഫൈനലില്‍ 18 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. പലരും ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. സിപിഎം നേതാവ് എംബി രാജേഷും ഇന്ത്യ തോല്‍ക്കാനിടയായ സാഹചര്യം വിശദീകരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലൻഡ് ഫൈനലിലെത്തുന്നത്. 92 റണ്‍സിന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ രവീന്ദ്ര ജഡേജയും മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്ന് 221 എന്ന ടോട്ടലിലെത്തിച്ചു. മഹേന്ദ്ര സിങ് ധോണി, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.

അതും മുപ്പതിന് മുകളില്‍ നാല് പേരും സ്കോര്‍ ചെയ്തിരുന്നു. മറ്റാരും തന്നെ ഒന്നും ചെയ്തില്ല എന്നത് തന്നെയാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. മാറ്റ് ഹെന്റി മൂന്നും ട്രെന്‍റ് ബോള്‍ടും സാന്ദറും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ നായകന്‍ കെയ്ന്‍ വില്യംസണിന്‍റെയും റോസ് ടെയ്‌ലറിന്‍റെയും അർധ സെഞ്ചുറികളാണ് ന്യൂസിലൻഡിനെ 240 എന്ന സ്കോറിലെത്തിച്ചത്.

Read More: ‘അവര്‍ ധീരരായിരുന്നു, വിജയം അര്‍ഹിച്ചിരുന്നു’; വികാരഭരിതനായി വിരാട് കോഹ്‌ലി

ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സിപിഎം നേതാവ് എം.ബി.രാജേഷ് രംഗത്തെത്തിയിരിക്കുന്നത്. സെമിഫൈനലിലെ തോല്‍വി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസിലും ചില ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് തോല്‍വിയുടെ എട്ട് കാരണങ്ങള്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്.

1.നിര്‍ണായകമായ മല്‍സരത്തില്‍ വെറും അഞ്ച് ബോളര്‍മാരെ മാത്രം വച്ച് കളിച്ചത്

2 അത്യുജജ്വലമായ ഫോമില്‍ ബോള്‍ ചെയ്തിരുന്ന മുഹമ്മദ് ഷമിയെ സെമിഫൈനലില്‍ പുറത്തിരുത്തിയത്

3. കൂടുതല്‍ റണ്‍ വഴങ്ങിയ ചാഹലിനെ ഈ സുപ്രധാന മല്‍സരത്തില്‍ കളിപ്പിച്ചത്

4. നിര്‍ണായകമായ മല്‍സരത്തില്‍ ഈ ലോകകപ്പില്‍ ഇതുവരെ കളിക്കാതിരുന്ന ദിനേശ് കാര്‍ത്തിക്കിനെ പരീക്ഷിച്ചത്

5. രവീന്ദ്ര ജഡേജക്ക് ഇതുവരെ അവസരം നല്‍കാതിരുന്നത്

6. ബോളര്‍മാര്‍ അഞ്ച് മാത്രം, എന്നാല്‍ ഒരേ സമയം മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ കളിപ്പിച്ചതിന്റെ യുക്തി

7. പിച്ചിന്റെ സ്വഭാവം ശരിയായി മനസിലാക്കാന്‍ രണ്ടു ദിവസത്തെ സാവകാശം കിട്ടിയിട്ടും ആദ്യത്തെ 10 ഓവർ അതിജീവിക്കാനുള്ള ക്ഷമ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഇല്ലാതെ പോയത്

8. സര്‍വ്വോപരി, ശക്തമായ വെല്ലുവിളി നേരിട്ട രണ്ട് ടീമുകള്‍ക്കെതിരെയും – ഇംഗ്ലണ്ടും ന്യൂസിലൻഡും- പരാജയപ്പെട്ട വിഖ്യാതമായ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.