‘പശുക്കളെയും തെളിച്ചു കൊണ്ട് ഇനിയും വരുന്നില്ലേ കേരളത്തിലേയ്ക്ക്?’; യോഗി ആദിത്യനാഥിനെ പരിഹസിച്ച് എം.ബി.രാജേഷ്

‘തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്’

കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപി നേതൃത്വത്തേയും പരിഹസിച്ച് എം.ബി.രാജേഷ് എംപി. ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ നിന്നും ജയിച്ച പ്രവീണ്‍കുമാര്‍ നിഷാദിനെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു രാജേഷിന്റെ പരാമര്‍ശം.

‘യോഗി ആദിത്യനാഥിന്റെ സ്വന്തം ബൂത്തില്‍, ഗോരഖ് നാഥ് മഠം ഇരിക്കുന്ന അതേ ബൂത്തില്‍ വെറും 43 വോട്ടാണ് ബിജെപിക്ക് കിട്ടിയത്! നിഷാദിന് കിട്ടിയതാവട്ടെ 1775 വോട്ടും. സ്വന്തം ബൂത്തില്‍ പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പെത്രയെന്നു നോക്കൂ.’ രാജേഷ് പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം.

‘അഞ്ചു തവണ താന്‍ ജയിച്ചുവന്ന മണ്ഡലത്തിലെ തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.!?’ പരിഹാസ രൂപേണ രാജേഷ് ചോദിക്കുന്നു.

എം.ബി.രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗോരഖ്പൂരില്‍ ബിജെപി കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ ഇന്ന് എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. സീറ്റ് നമ്പര്‍ ലഭിക്കാത്തത് കൊണ്ട് യാദൃച്ഛികമായി അവിടെ ഇരുന്നു എന്നേയുള്ളൂ. തലയില്‍ ‘ചുവന്ന’ തൊപ്പിയണിഞ്ഞു വന്ന നിഷാദായിരുന്നു ഇന്നത്തെ സഭയുടെ ശ്രദ്ധാകേന്ദ്രം. യോഗി ആദിത്യനാഥിന്റെ സ്വന്തം ബൂത്തില്‍, ഗോരഖ് നാഥ് മഠം ഇരിക്കുന്ന അതേ ബൂത്തില്‍ വെറും 43 വോട്ടാണ് ബിജെപിക്ക് കിട്ടിയത്! നിഷാദിന് കിട്ടിയതാവട്ടെ 1775 വോട്ടും. സ്വന്തം ബൂത്തില്‍ പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പെത്രയെന്നു നോക്കൂ. അഞ്ചു തവണ താന്‍ ജയിച്ചുവന്ന മണ്ഡലത്തിലെ തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.!?

വാല്‍ക്കഷണം: ത്രിപുര ജയിച്ച ഹുങ്കില്‍ യോഗി ആദിത്യനാഥ് യുപി നിയമസഭയില്‍ പറഞ്ഞത്രേ, ത്രിപുരയില്‍ ചുവപ്പിനെ ഇല്ലാതാക്കി. ഇനി ഇന്ത്യയില്‍ എല്ലായിടത്തും ഇല്ലാതാക്കുമെന്ന്. ആ പ്രഖ്യാപനത്തിന് ശേഷമാണ് എസ്‌പിയുടെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും ചുവന്ന തൊപ്പി അണിഞ്ഞു തുടങ്ങിയതത്രേ….

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mb rajesh mocks yogi adityanadh and bjp for up byelection

Next Story
ഭൂമി ഇടപാട്: കര്‍ദിനാളിനും വൈദികര്‍ക്കും എതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേആർച്ച് ബിഷപ്പ്, മേജർ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ, Arch Bishop, Major Arch Bishop, Mar George Alanjeri, ഭൂമിയിടപാട്, കോടതി കേസ്, സിജെഎം കോടതി,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express