Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

‘ഗാന്ധിജിക്ക് പോലും ചെലവാക്കിയത് മൂന്ന് വെടിയുണ്ടകള്‍, ആ മെലിഞ്ഞ ശരീരം നിശ്ചലമാക്കാന്‍ ഏഴ് വെടിയുണ്ടകള്‍’: എംബി രാജേഷ്

ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തുടരുന്നു- എംബി രാജേഷ്

എംബി രാജേഷ്, ബെമൽ ഓഹരി വിറ്റഴിക്കൽ, കേന്ദ്രസർക്കാർ, അഴിമതി

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. രാജ്യത്തെയൊന്നാകെ നടുക്കിയ കൊലപാതകം നടന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.
കൊലപാതകത്തെ അപലപിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാൻ ഏഴുവെടിയുണ്ടകൾ ആവശ്യമായിരുന്നില്ലല്ലോ എന്ന് എംബി രാജേഷ് എംപി കുറിച്ചു. ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം,

“ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാൻ ഏഴുവെടിയുണ്ടകൾ ആവശ്യമായിരുന്നില്ലല്ലോ. ഗാന്ധിജിക്കു പോലും അവർ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ. കൊല്ലാൻ ഹൃദയം പിളർന്ന ഒരൊറ്റയണ്ണം മതിയായിരുന്നല്ലോ. എന്നിട്ടും മറ്റൊന്ന് നെറ്റിയിലേക്കു തന്നെ തൊടുത്തതെന്തുകൊണ്ടായിരിക്കും? മൂർച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവകേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണം. അന്റോണിയോ ഗ്രാംഷിയുടെ തലച്ചോറിനെ നിശ്ചലമാക്കണമെന്നായിരുന്നല്ലോ മുസോളിനിയുടെ പബ്ലിക് പ്രോസിക്യൂട്ടർ ഇറ്റാലിയൻ കോടതിയിൽ അന്ന് ആവശ്യപ്പെട്ടത്.ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജർമ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെ.

പിന്നെ മരണത്തിന്റെ ആഘോഷം. കൊല ഉത്സവമാക്കുന്നവർ മരണം ആഘോഷിക്കുന്നതിൽ എന്തത്ഭുതം? ഗാന്ധിജിയുടെ കൊലയും അക്കൂട്ടർ ഉത്സവമായി ആഘോഷിച്ചതാണല്ലോ. ശാഖകളിൽ മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ഗാന്ധിഹത്യ ആഘോഷമാക്കിയതിനെക്കുറിച്ച്, മൂന്നു പതിറ്റാണ്ട് ഗാന്ധിജിയുടെ നിഴലായിരുന്ന പ്യാരേലാൽ ‘ഗാന്ധി ദി ലാസ്റ്റ് ഫേസ്’ എന്ന പുസ്തകത്തിൽ പറഞ്ഞതോർക്കുന്നില്ലേ? അന്ന് ട്വിറ്ററും ഫേസ്ബുക്കുമില്ലാതിരുന്നത് കൊണ്ടാവണം ശാഖകളിലും തെരുവിലുമായി ആഘോഷം ഒതുക്കിയത്. ആഘോഷം അങ്ങ് ഉത്തരേന്ത്യയിൽ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തെ അന്നത്തെ ആഘോഷത്തെക്കുറിച്ച് ഒ.എൻ.വി. വ്രണിത ഹൃദയനായി പറഞ്ഞതും മറക്കാറായില്ലല്ലോ. അനന്തമൂർത്തി അവരെ അല്പം നിരാശപ്പെടുത്തി.

വെടിയുണ്ടക്കു കാത്തുനിൽക്കാതെ മരിച്ചുകളഞ്ഞു. കൊലയുടെ ലഹരി ആസ്വദിക്കാനായില്ലെങ്കിലും ആഘോഷം ഒട്ടും കുറച്ചില്ല. ഗൗരിയുടെ ഊഴമായപ്പോഴേക്കും ആഘോഷത്തിനുള്ള എല്ലാ ചേരുവകളും ഒത്തു വന്നിരുന്നു. ഗാന്ധിജിയുടെ കാലത്ത് നിന്ന് ‘ഡിജിറ്റൽ ഇന്ത്യ’യായി നാട് വളർന്നതുകാരണം അതിവിശാലമായ സൈബർസ്‌പേസിലായിരുന്നു ആഘോഷിച്ചു തിമിർത്തത്. ആഘോഷത്തിന്റെ നേതൃത്വം വെറും ഭക്തർക്കായിരുന്നില്ല. പ്രധാനമന്ത്രി പോലും പിന്തുടരുന്നത്ര പരമയോഗ്യരായ വരേണ്യ സംഘികൾക്കായിരുന്നു. ഉറങ്ങാൻ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തർ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണ്. കണ്ട അലവലാതി കമ്മികളേയും കൊങ്ങികളേയുമൊന്നും പിന്തുടരുന്നയാളല്ല പ്രധാനമന്ത്രി എന്നും ഓർക്കണം. അത്രയും യോഗ്യരായ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവർ, വെടിയേറ്റ് ചിതറിയ ഒരു സ്ത്രീയുടെ മൃതശരീരം ചിതയിലേക്കെടുക്കും മുമ്പ് വിഷം ചീറ്റാൻ തുടങ്ങിയെങ്കിൽ വിഷസംഭരണി എവിടെയാണെന്ന് അറിയാൻ പ്രയാസമുണ്ടോ? കൂട്ടത്തിലുള്ള ചിലർക്കു പോലും സഹികെട്ട് പറയേണ്ടിവന്നില്ലേ ‘കൊല ഇങ്ങനെ പരസ്യമായി ആഘോഷിക്കുന്നത് വളരെ മോശ’മാണെന്ന്. എന്നിട്ടും ഇതെഴുതും വരെ പ്രധാനമന്ത്രിക്ക് എന്തേ അങ്ങിനെ തോന്നാത്തത്? അവരെ പിന്തുടരേണ്ടെന്ന് പോലും വെക്കാത്തത്? എന്തേ ഒരു ദുർബ്ബല വാക്കു കൊണ്ടു പോലും അപലപിക്കാത്തത് ????

ഇനി പിന്നീടെപ്പോഴെങ്കിലും കാറിനടിയിൽ പട്ടിക്കുഞ്ഞ് പെട്ടതുപോലെയോ മറ്റോ തോന്നുമായിരിക്കും.
പട്ടിക്കുഞ്ഞുങ്ങൾ ഫാസിസ്റ്റ് അധികാര രഥചക്രങ്ങൾക്കിടയിൽ ചതഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വാതിൽപ്പടികളിൽ മരണം മുട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്. വെടിയുണ്ടകൾ നെഞ്ചും നെറ്റിയും പിളർന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. കത്തിച്ചുവച്ച മെഴുകുതിരികളും അനുശോചന യോഗങ്ങളും മതിയാവില്ല.
ബ്രെഹ്ത് ഹിറ്റ്‌ലറുടെ ജർമ്മനിയെ ചൂണ്ടിപ്പറഞ്ഞു. -‘ഭയമാണിവിടെ ഭരിക്കുന്നത്. ഇന്ത്യ ഭയത്തിന്റെ റിപ്പബ്ലിക്കായിത്തീരാതിരിക്കാൻ അനുഷ്ഠാനങ്ങൾക്കപ്പുറം പ്രതിഷേധങ്ങൾക്ക് മൂർച്ച കൂട്ടാം.
‘ വരൂ….ഈ തെരുവുകളിലെ രക്തം കാണൂ…..’

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mb rajesh criticizes the killing of gauri lankesh

Next Story
അറസ്റ്റിനു നീക്കം? മുൻകൂർ ജാമ്യം തേടി നാദിർഷാ
The moderation of comments is automated and not cleared manually by malayalam.indianexpress.com