തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ചോദിച്ച് മേയര്‍ നല്‍കിയതായി പറയുന്ന കത്ത് വ്യാജമാണെന്ന് കണ്ടെത്താതെ ക്രൈം ബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കത്ത് വ്യാജമെന്ന് പറയുന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. ആരോപണത്തിൽ കേസെടുത്തുള്ള അന്വേഷണം വേണമെന്നും ക്രൈം ബ്രാഞ്ച് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
കത്തു വിവാദത്തിന് ശേഷം ഒന്നരയാഴ്ചയ്ക്ക് ശേഷമാണ് പ്രാഥമിക റിപോര്‍ട്ട് കൈമാറിയിരുക്കുന്നത്. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തിന് പിന്നില്‍ ആരെന്നും കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മൊഴി നല്‍കിയത്.
റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് മേധാവി ഡിജിപിയുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകി കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് നവംബര്‍ 5നാണ് പുറത്തുവന്നത്. കത്തിനെക്കുറിച്ച് പാര്‍ട്ടി അന്വേഷണവും പുരോഗമിക്കുകയാണ്. രണ്ടംഗ കമ്മിഷനാണ് കത്തിനെക്കുറിച്ച് അന്വേഷിക്കുന്നത്.