തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11 മണിക്ക് എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കന്മാരും മാത്രമായിരിക്കും പങ്കെടുക്കുക എന്ന് നേരത്തെ ഇരുവരും അറിയിച്ചിരുന്നു.
ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന് ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലെത്തിയത്. അന്ന് തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സിച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്.