തിരുവനന്തപുരം: നഗരസഭയിൽ നിയമനത്തിന് പാർട്ടിയുടെ മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ചിരിക്കുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലെ 295 പേരുടെ കരാർ നിയമനത്തിനാണ് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്.
അതേസമയം, കത്ത് അയച്ചുവെന്ന വാർത്തകളെ മേയർ തള്ളി. കത്ത് അയച്ച തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപണം തള്ളിയിരുന്നു. ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ലെന്നും കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കോർപറേഷനിലെ താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ അയച്ച കത്ത് ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദമുണ്ടായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. ഒഴിവുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ തരംതിരിച്ച് കത്തിൽ എഴുതിയിരുന്നു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തിലുണ്ടായിരുന്നു.
നഗരസഭയിലെ വിവിധ തസ്തികകളില്‍ പാര്‍ട്ടിക്കാരെ സിപിഎം തിരുകി കയറ്റുന്നുവെന്ന ആരോപണം കാലങ്ങളായി ഉന്നയിക്കപ്പെടുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കത്ത്.
മേയർക്കെതിരെ വിജിലൻസിൽ പരാതി, പ്രതിഷേധം
വിവാദമായിരിക്കുന്ന മേയറുടെ കത്ത് ആയുധമാക്കി പ്രതിപക്ഷം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയര്‍ സ്വമേധയാ രാജിവച്ചൊഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം. മേയറുടെ ഓഫിസിലേക്കു യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ തള്ളിക്കയറി. ഇവരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി.
പാർട്ടി പ്രവർത്തകർക്ക് ജോലി നൽകാമെന്നു പറഞ്ഞ് മേയർ അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവച്ചു പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, കോർപറേഷനിൽ രണ്ടുവർഷത്തിനുള്ളില്‍ നടന്ന താൽകാലിക നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകി. കോർപറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണു പരാതി നൽകിയത്.