Interesting Facts about International Labour Day 2019
“മേയ് ദിനമേ, ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍
അഭിവാദനം അഭിവാദനം അഭിവാദനം
സ്വന്തം ചെഞ്ചുടു ചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകള്‍
അന്തിമ നിമിഷം വരേയും കൈകളിലേന്തിയിടുന്നോര്‍
അവരുടെ പേരില്‍ ഒത്തൊരുമിച്ചിടിവെട്ടും പോലൊരു ശബ്ദത്തില്‍ പറയുന്നൂ ഞങ്ങള്‍
മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്‍റേതാണീ ലോകം”
തിരുനല്ലൂര്‍ കരുണാകരന്‍ മേയ് ദിനത്തെക്കുറിച്ചെഴുതിയ കവിതയിലെ വരികളാണിത്. കവിതയിലെ വരികളില്‍ തന്നെയുണ്ട് മേയ് ദിനത്തിന്‍റെ ചരിത്രം. തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെയും ഭരണകൂടത്തെയും ഓര്‍മിപ്പിച്ച നേതാക്കളുടെ രക്തമാണ് കലണ്ടറിലെ മേയ് ഒന്നിനെ ചുവപ്പിച്ചത്.
Read Also: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ച് മെയ് ദിനം

Facts About Labour Day Or May Day: മേയ് ദിനത്തെക്കുറിച്ച് അറിയേണ്ടത്
ലോകമെമ്പാടും ജോലി സമയം എട്ട് മണിക്കൂറാക്കി ക്രമപ്പെടുത്തിയതിന് പിന്നില്‍ 1886ല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തിയ വിപ്ലവത്തിന്‍റെ ചരിത്രമുണ്ട്. പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്ത് ദുരിത ജീവിതം നയിച്ചിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ അവസ്ഥ കണ്ട്, ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്സ് ആന്‍ഡ് ലേബര്‍ യൂണിയന്‍ ഒരു പ്രമേയം പാസാക്കി. 1886 മെയ് ഒന്നു മുതല്‍ 8 മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ ഒരു പിന്തുണയുമില്ലാതിരുന്നതിനാല്‍ പ്രമേയം ഔദ്യോഗികമായി ഭരണകൂടവും മുതലാളി വര്‍ഗവും അംഗീകരിക്കേണ്ടതിന്, മേയ് ഒന്നിന് പൊതുപണിമുടക്കും ആഹ്വാനം ചെയ്തു.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം
തൊഴിലാളികള്‍ ഒറ്റക്കെട്ടായി എത്തിയതോടെ മേയ് ദിന പ്രസ്ഥാനം ശക്തിപ്പെട്ടു.”എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം” എന്നതായിരുന്നു തൊഴിലാളികളുടെ മുദ്രാവാക്യം. തൊഴിലാഴികളുടെ മുന്നേറ്റം ഭരണകൂടത്തെയും മുതലാളി വര്‍ഗത്തെയും അസ്വസ്ഥരാക്കി. സമരത്തെ നേരിടാന്‍ ആയുധങ്ങള്‍ നല്‍കി പട്ടാളത്തെയും പൊലീസിനെയും ഇറക്കി. ഷൂ നിര്‍മാണത്തൊഴിലാളികള്‍ക്കും തുണി മില്‍ തൊഴിലാളികള്‍ക്കും ജോലി സമയം എട്ട് മണിക്കൂറാക്കി കുറച്ച് കൊണ്ട്, തൊഴിലാളികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാ മേഖലയിലും ജോലി സമയം എട്ട് മണിക്കൂറാക്കി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കിയത് എതിരാളികള്‍ക്ക് തിരിച്ചടിയായി.
മേയ് ഒന്നിലെ പണിമുടക്കിന് ശേഷം, ഒരു കൂട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് വെടിവയ്ക്കുകയും നാല് തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിലുള്ള പ്രതിഷേധം രേഖപ്പടുത്താന്‍ ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റ് സ്ക്വയറില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്നവരുടെ നേര്‍ക്ക് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ഇരച്ചുകയറി. ഇതിനിടയില്‍ ഒരു ബോംബ് വീണ് പൊട്ടിയതോടെ ഏറ്റുമുട്ടല്‍ സംഘര്‍ഷമായി മാറി, സംഘര്‍ഷത്തില്‍ പൊലീസുകാരും തൊഴിലാളികളും കൊല്ലപ്പെട്ടു. ബോംബെറിഞ്ഞവരെക്കുറിച്ച് തെളിവൊന്നും ലഭിച്ചില്ലെങ്കിലും സമരക്കാരെയും നേതാക്കളെയും ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
വിചാരണയ്ക്കൊടുവില്‍ നാല് നേതാക്കളെ തൂക്കിലേറ്റി. ഈ സംഭവം ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയില്‍പ്പെടുകയും പലയിടത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തുന്നതിനെക്കുറിച്ച് ലോകം മുഴുവന്‍ ബോധവല്‍ക്കരണമുണ്ടാകാന്‍ ഹേയ് മാര്‍ക്കറ്റ് സംഭവം കാരണമായി. മേയ് ദിനത്തിന് പിന്നിലെ പോരാട്ട ചരിത്രം, ആധികാരികമായി രേഖപ്പെടുത്തി വയ്ക്കാന്‍ പറ്റാത്തതിന് പിന്നില്‍ ഗൂഢശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ചിക്കാഗോ തെരുവുകളില്‍ അന്നുയര്‍ന്ന മുദ്രാവാക്യങ്ങളുടെ അലയൊലി, അമേരിക്കന്‍ സാമ്രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കി. ഇപ്പോഴും തൊഴിലാളികളുടെ സംഘടിത ശബ്ദത്തെ മുതലാളികളും ഭരണകൂടവും ഭയക്കുന്നതിന്‍റെ പിന്നിലും രക്തസാക്ഷികളായ തൊഴിലാളി നേതാക്കളെക്കുറിച്ചും അവര്‍ നടത്തിയ പോരാട്ടവീര്യത്തെക്കുറിച്ചുളള ഓര്‍മകളും തന്നെയാണ്.

1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചു നടന്ന ഇന്‍റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്‍റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവന്‍ മേയ് ദിനം ആഘോഷിക്കാന്‍ തുടങ്ങി. ഇന്ന് എണ്‍പതോളം രാജ്യങ്ങളില്‍ മേയ് ദിനം പൊതു അവധിയാണ്.
തിരുനെല്ലൂര്‍ കരുണാകരന്‍റെ വരികള്‍ തന്നെ കടമെടുത്ത് ഇനിയുള്ള മേയ് ദിനങ്ങള്‍ക്ക് കാലേ കൂട്ടി ആശംസ നല്‍കാം.
“മേയ് ദിനമേ, കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്
അവികല നൂതന ലോകമിദായകമാകും രണശതശോണ പദങ്ങളിലൂടെ…”