ആലപ്പുഴ: വ​ള്ളി​ക്കു​ന്ന​ത്ത്​​ കൊല്ലപ്പെട്ട സൗമ്യയോട്​ പ്രതി അജാസ്​ വിവാഹ അഭ്യർഥന നടത്തിയിരുന്നുവെന്ന്​ സൗമ്യയുടെ മാതാവ്​. സൗമ്യയ്ക്ക് അജാസുമായി പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ നല്‍കാനുണ്ടായിരുന്ന പണം അജാസിന് കൊടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ പണം സ്വീകരിക്കാന്‍ അജാസ് തയ്യാറായില്ല. അജാസ് തന്റെ മകളെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇതില്‍ കുറ്റബോധം ഉളളത് കൊണ്ടാണ് പണം സ്വീകരിക്കാന്‍ അജാസ് തയ്യാറാകാത്തതെന്ന് സൗമ്യ പറഞ്ഞിരുന്നതായും മാതാവ് വ്യക്തമാക്കി.

‘ഒരു ദിവസം മൊബൈല്‍ ലോക്ക് ചെയ്തെന്നും പറഞ്ഞ് മകളെ ക്രൂരമായി ഉപദ്രവിച്ചു. അവന്റെ കാല് ഞാന്‍ പിടിച്ചു വീട്ടില്‍ നിന്ന് ഇറങ്ങി പോവാന്‍ പറഞ്ഞു. പിന്നീടാണ് ഈ പണം നല്‍കാന്‍ മകളേയും കൂട്ടി പോയത്. എന്നാല്‍ പണം അജാസ് സ്വീകരിച്ചില്ല. ഉപദ്രവത്തെ കുറിച്ച് അവിടത്തെ എസ്ഐയോട് പറഞ്ഞതായും മാതാവ് വ്യക്തമാക്കി. എന്നാല്‍ ഇങ്ങനെ ഒരു പരാതി തന്നോട് പറഞ്ഞിട്ടില്ലെന്ന് വളളിക്കുന്നം എസ്ഐ ഷൈജു ഇബ്രാഹിം പറഞ്ഞു. സ്റ്റേഷനിലെ മറ്റാര്‍ക്കും ഈ പ്രശ്നങ്ങള്‍ അറിയില്ലെന്നും ഷൈജു വ്യക്തമാക്കി.

Read More: അജാസിന്റെ ഫോണില്‍ സൗമ്യയുടെ നിരവധി ചിത്രങ്ങള്‍ കണ്ടെത്തി; വാട്സ്ആപ്പില്‍ സന്ദേശങ്ങളും കൈമാറി

ഒന്നേകാൽ ലക്ഷം രൂപ അജാസ്​ സൗമ്യക്ക്​ കടമായി നൽകിയിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്​ തിരിച്ച്​ നൽകാൻ സൗമ്യ മാതാവിനൊപ്പം പോയെങ്കിലും വാങ്ങിയില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും അജാസ് തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചു. പകരം വിവാഹം കഴിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ഇത്​ നിരസിച്ചതോടെ അജാസിന്​ സൗമ്യയോട്​ പ്രതികാരമുണ്ടായതായും പൊലീസ്​ പറഞ്ഞു. ആക്രമിക്കപ്പെട്ടേക്കുമെന്ന് ഏഴാം ക്ലാസുകാരനായ മൂത്ത മകനോടും സൗമ്യ പറഞ്ഞിരുന്നു. എന്നാൽ ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്നാണ് വള്ളിക്കുന്നം പൊലീസിന്റെ പ്രതികരണം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി.

സൗമ്യക്ക് ‌പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.

കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജാസിനെ ചോദ്യം ചെയ്​താൽ മാത്രമേ വ്യക്​തമാവുകയുള്ളൂ. ഗുരുതരമായി പൊള്ളലേറ്റ അജാസ്​ ചികിൽസയിലാണ്​. ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായാൽ മാത്രമേ പൊലീസ്​ വിശദമായി ചോദ്യം ചെയ്യുകയുള്ളൂ.

വള്ളിക്കുന്നം ​സ്​റ്റേഷനിലെ സിവിൽ ​പൊലീസ്​ ഓഫിസർ തെക്കേമുറി ഊപ്പൻവിളയിൽ സജീവി​​​​ന്റെ ഭാര്യ സൗമ്യയാണ്​ (37)​ ദാരുണമായി കൊല്ലപ്പെട്ടത്​. കൊടുവാൾകൊണ്ട്​ വെട്ടിയും കുത്തിയും വീഴ്​ത്തിയ​ശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. ആലുവ ട്രാഫിക്​ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്​ ഓഫിസറാണ് അജാസ്. സൗമ്യയുടെ പോസ്റ്റുമോർട്ടം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പൂർത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.