കൊച്ചി: കണ്ണും മൂക്കുമില്ലാത്ത ക്രൂരതകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പലതും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പേര് പറഞ്ഞാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഞാന്‍ സ്നേഹിച്ച വ്യക്തി എന്നെ സ്നേഹിച്ചില്ലെങ്കില്‍ പിന്നെ ആ വ്യക്തി ജീവിക്കാന്‍ പോലും അവകാശമില്ലാത്തവരാണ് എന്ന ക്രൂരമായ മനോഭാവമാണ് ഇതില്‍ പല ആക്രമണങ്ങള്‍ക്കും കാരണം.
പൊലീസ് ഉദ്യോഗസ്ഥയെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ദാരുണമായി കൊലപ്പെടുത്തിയത് ഇന്നലെയാണ്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. വള്ളിക്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ തെക്കേമുറി ഊപ്പൻവിളയിൽ സജീവിന്റെ ഭാര്യ സൗമ്യയാണ് (37) ദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. സൗമ്യയുടെ പോസ്റ്റുമോർട്ടം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് നടന്നത്. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്.
Read Also: അജാസിന്റെ ഫോണില്‍ സൗമ്യയുടെ നിരവധി ചിത്രങ്ങള്‍ കണ്ടെത്തി; വാട്സ്ആപ്പില്‍ സന്ദേശങ്ങളും കൈമാറി
തിരുവനന്തപുരം; പുഷ്പലത – നിധിൻ
വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മേയ് 31 ന് തിരുവനന്തപുരത്ത് വച്ചും സമാന സംഭവം നടന്നിരുന്നു. യുവതിയെ നടു റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ജീവനക്കാരി ചെങ്ങന്നൂര്‍ സ്വദേശിയായ പുഷ്പലതയെ(32)ആണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പുഷ്പലതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശി നിധിനാണ് (35) പുഷ്പലതയെ കൊല്ലാൻ ശ്രമം നടത്തിയത്. വിവാഹ അഭ്യർഥന നിരസിച്ചത് മാത്രമാണ് കൊലപാതക ശ്രമത്തിന് കാരണം. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ യുവതി ഒടുവിൽ രക്ഷപ്പെടുകയായിരുന്നു. വെട്ടേറ്റ് പുഷ്പലതയുടെ ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു.
കൊല്ലത്ത് ഓട്ടോ ഓടിക്കുന്ന നിധിന് മുമ്പ് പുഷ്പലത ജോലി ചെയ്യുന്ന ആശുപപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിൽ പരിചയത്തിലായത്. ഇതേ തുടർന്നാണ് വിവാഹ അഭ്യർഥന നടത്തിയത്. സംഭവം നടക്കുമ്പോള്‍ നിധിന് മദ്യലഹരിയിലായിരുന്നുവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.
കോട്ടയം; സൗഹൃദം നിഷേധിച്ചതിന് കൊലപ്പെടുത്താൻ ശ്രമം
കോട്ടയം മീനടത്ത് സൗഹൃദം നിഷേധിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. 2019 മേയ് 28 നായിരുന്നു സംഭവം. കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിന്‍സ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. യുവതിയുടെ വീട്ടില്‍ കയറി തലയിണ കൊണ്ട് വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. യുവതി ഒടുവിൽ രക്ഷപ്പെടുകായിയിരുന്നു.
തൃശൂരിലെ അരുംകൊല; നീതു – നിതീഷ്
പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സാംസ്കാരിക നഗരമായ തൃശൂരില്‍ അരുംകൊല നടന്നത് ഏപ്രില്‍ നാലിനാണ്. തൃശൂരിലെ ചിയ്യാരത്താണ് സംഭവം. ചിയ്യാരം സ്വദേശി നീതുവിനെയാണ് കൊലപ്പെടുത്തിയത്. നീതുവിന്റെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് (32) ആണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയായിരുന്നു നിതീഷ് കൊല നടത്തിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു ആദ്യം ചെയ്തത്. അതിനു ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. വീട്ടിലെ ശുചിമുറിയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. നീതുവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നിതീഷ് വീട്ടിലെത്തിയത് തന്നെ.
പനമ്പള്ളി നഗറിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം
2019 മാര്‍ച്ച് 14 ന് പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍, പെണ്‍കുട്ടി ഓളിയിട്ടതുകൊണ്ട് ആളുകള്‍ തടിച്ചുകൂടി. സംഭവത്തില്‍ അറസ്റ്റിലായത് പാലക്കാട് തച്ചമ്പാറ പൂവത്തിങ്കല്‍ സ്വദേശി മനുവാണ്. പെൺകുട്ടിയും പാലക്കാട് സ്വദേശിനിയാണ്. പഠനാവശ്യവുമായി ബന്ധപ്പെട്ടാണ് പെൺകുട്ടി കൊച്ചിയിലെത്തിയത്.
സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. അക്രമത്തിനു പിന്നില്‍ കൊട്ടേഷന്‍ സംഘമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ക്ലാസ് കഴിഞ്ഞ് രാത്രി ഏഴ് മണിയോടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് മനു ബൈക്കിലെത്തി, കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ഇവരുടെ ദേഹത്ത് ഒഴിച്ചത്. ഉടന്‍ ഓടി പെണ്‍കുട്ടികള്‍ സമീപത്തെ കടയില്‍ അഭയം തേടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനനിന്ന് ഓടി രക്ഷപ്പെട്ടു.
തിരുവല്ലയിൽ 18 കാരൻ 19 കാരിയെ കൊലപ്പെടുത്തി
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് 2019 മാര്‍ച്ച് 13 ന് വിദ്യാര്‍ഥിനിയെ 18 കാരന് കൊലപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന് പറഞ്ഞ് 19 കാരിയായ കവിതയെയാണ് അജിന് റെജി മാത്യു എന്ന പതിനെട്ടുക്കാരന് കൊലപ്പെടുത്തിയത്. കോട്ടയം തിരുവല്ലയിലാണ് സംഭവം. ഇരുവരും സഹപാഠികളായിരുന്നു. കവിതയെ കത്തി കൊണ്ട് കുത്തുകയും ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയും ആയിരുന്നു. അജിന് റെജി മാത്യുവിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കവിത മരണത്തിന് കീഴടങ്ങിയത്. രക്തസമ്മർദം കുറയുകയും അണുബാധയുണ്ടാവുകയും ചെയ്തതാണ് മരണകാരണമായത്.
Read Also: ‘പിടിപ്പുകേട്, ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് നല്ലത്’; പിണറായിയോട് മുല്ലപ്പള്ളി
കഴിഞ്ഞ നാല് മാസത്തിനിടെ ഉണ്ടായ ആറ് സമാന സംഭവങ്ങളാണ് ഇത്. എല്ലാ സംഭവങ്ങളിലും പ്രണയാഭ്യർഥനയും വിവാഹ അഭ്യർഥനയുമാണ് നിഷ്ഠൂരമായ സംഭവങ്ങളിലേക്ക് വഴി തെളിച്ചത്. ഉള്ളിലെ വെെരാഗ്യവും ദ്വേഷ്യവും മനസാക്ഷിയില്ലാത്ത ക്രൂരതകളിലേക്ക് നയിക്കുകയായിരുന്നു. കൊല്ലണം എന്ന വ്യക്തമായ പദ്ധതിയോടെയാണ് ആക്രമികൾ രംഗത്തുവന്നത് എന്നതും മറ്റൊരു എടുത്തുപറയേണ്ട കാര്യമാണ്.