ആലപ്പുഴ: മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കി. ഇത് നിരസിച്ചതിനെ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നല്‍കി.

എന്നാല്‍ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നല്‍കിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചു. പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാല്‍ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗുരുതരമായി പരുക്കേറ്റത് കൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്തില്ല.

അജാസും സൗമ്യയും തമ്മില്‍ നിരവധി തവണ ഫോണ്‍ ചെയ്തതിന്റേയും വാട്സ്ആപ്പില്‍ സന്ദേശം അയച്ചതിന്റേയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഫോണ്‍ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങള്‍ കൂടാതെ അജാസിന്റെ ഫോണില്‍ നിന്ന് സൗമ്യയുടെ ചിത്രങ്ങളും കണ്ടെത്തി.

Read Also: കണ്ണും മൂക്കുമില്ലാത്ത സ്‌നേഹ’വെറി’; കേരളത്തെ ഞെട്ടിച്ച സംഭവങ്ങള്‍

സൗമ്യക്ക് ‌പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്‍ പറഞ്ഞു. അജാസില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ‘എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താല്‍ ഇയാളുടെ പേര് പറഞ്ഞാല്‍ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.

സൗമ്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 45 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കില്‍ ഇന്ന് തന്നെ മൊഴിയെടുക്കും.

തൃശൂർ പൊലീസ് അക്കാദമിയിൽ വച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. പിന്നീട് കൊച്ചിയിൽ ഒരേ സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്ന സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കൊല്ലപ്പെട്ട വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More: പൊലീസിനോട് ഒന്നും മിണ്ടാതെ പ്രതി; പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതി ആശുപത്രിയില്‍

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്. ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.