മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ(32)യെ കൊലപ്പെടുത്തിയത് വിവാഹ അഭ്യർഥന നിരസിച്ചതിനാലാണെന്ന് പ്രതി അജാസിന്റെ മൊഴി. ഇന്നലെ രാത്രി 10 മണിക്ക് ശേഷം മജിസ്ട്രേറ്റ് അജാസിന്റെ മൊഴി രേഖപ്പെടുത്തി. നേരത്തേ അജാസിന്റെ ആരോഗ്യനില ഗുരുതരമായതിനാല്‍ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രി അല്പനേരം മാത്രം പൊലീസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴിയെടുത്തു.
എനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന സൗമ്യ നിരസിച്ചു. തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പെട്രോള്‍ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും പ്രതി അജാസ് മൊഴി നല്കി. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി മൊഴി നല്കി.
‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താൻ തിരികെ നല്‍കിയതായും അജാസ് മൊഴി നല്കി.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുതരനിലയിലുളള അജാസിനെ കൂടുതല്‍ നേരം ചോദ്യം ചെയ്തില്ല. വിവാഹാഭ്യർഥനയ്ക്കു വഴങ്ങാത്തതിനെത്തുടർന്ന് അജാസ് വധഭീഷണി മുഴക്കിയിരുന്നെന്ന് സൗമ്യയുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അക്കാദമിയിലെ പരിശീലന വേളയിൽ ഒപ്പമുണ്ടായിരുന്ന ഇരുവരുടെയും സൗഹൃദ കാലയളവിൽ സൗമ്യ അജാസിന്റെ പക്കൽനിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം അടുത്ത കാലത്ത് അജാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും അജാസ് തുക കൈപ്പറ്റാതെ തിരിച്ചയച്ചു.
കടം കൊടുത്ത പണം സൗമ്യയുമായിട്ടുള്ള സമ്പർക്കം തുടരാനുള്ള ഒരു ഉപാധിയായി കണ്ടു ബന്ധം തുടരുന്നതിനിടെ രണ്ടാഴ്ച മുന്‍പ് സൗമ്യ അമ്മയെയും കൂട്ടി എറണാകുളത്തേക്ക് എത്തി കടം വീട്ടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, അപ്പോഴും പണം വാങ്ങാതെ മാന്യമായ പെരുമാറ്റത്തോടെ പ്രതി അജാസ്, സൗമ്യയെയും അമ്മയെയും സ്വന്തം കാറിൽ വള്ളിക്കുന്നത്തെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. തുടർന്നാണു പ്രശ്നങ്ങൾ വഷളായതെന്നു പൊലീസ് കരുതുന്നു.

വീട്ടിലെത്തി ഇയാൾ വിവാഹാഭ്യർഥന നടത്തുകയും വഴങ്ങാതെ വന്നപ്പോൾ സൗമ്യയെയും ഭർത്താവ് സജീവനെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു. വ്യക്തമായ കണക്കുകൂട്ടലിൽ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇരുവരുടേയും ഫോണ്‍ വിളികളും വാട്സ്ആപ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി.കോരയ്ക്കാണ് അന്വേഷണച്ചുമതല. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുമെന്നും കൊലപാതകത്തിലേക്ക് എത്തിപ്പെടാനുള്ള കാരണങ്ങൾ ഉടൻ വ്യക്തമാകുമെന്നും എസ്പി കെ.എം.ടോമി പറഞ്ഞു.
Read More: കണ്ണും മൂക്കുമില്ലാത്ത സ്നേഹ’വെറി’; കേരളത്തെ ഞെട്ടിച്ച സംഭവങ്ങള്‍
വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണു വീടിനു സമീപത്തു വച്ച് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പ്രതി ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.
അജാസിനെതിരെ വകുപ്പുതല നടപടി ഇന്നുതന്നെയുണ്ടാകും. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. വീട് നിർമാണത്തിനെന്ന പേരിൽ അവധിയെടുത്താണ് അജാസ് വള്ളിക്കുന്നത്ത് സൗമ്യയുടെ വീടിനു സമീപം വച്ച് അവരെ ശനിയാഴ്ച കൊലപ്പെടുത്തിയത്.