മാവേലിക്കര: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യ(32)യെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസുകാരന് അജാസിനെ സസ്പെന്‍ഡ് ചെയ്തു. പ്രതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അജാസിന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്.
ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ എന്‍.എ.അജാസിനെ അന്വേഷണത്തിന്റെ ഭാഗമായാണ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറൽ എസ്പി കെ.കാർത്തിക്കാണ് ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും എസ്പി ഉത്തരവിട്ടു.
Read More: ‘സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി, പക്ഷെ…’; പ്രതി അജാസിന്റെ മൊഴി
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അജാസിന് ന്യൂമോണിയ ബാധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. അജാസിന് ഇടയ്ക്കിടെ ബോധക്ഷയവും സംഭവിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസ് നിലവിലുള്ളത്. മരുന്ന് നൽകി രക്തസമ്മർദ്ദം ഉയർത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ഞായറാഴ്ച രാത്രിയോടെ പൊലീസ് അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യർഥന സൗമ്യ നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അജാസ് മൊഴി നൽകി. പെട്രോള്‍ ഉപയോഗിച്ച് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി മൊഴി നല്കി.
‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യർഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താൻ തിരികെ നല്‍കിയതായും അജാസ് മൊഴി നല്കി.
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുതരനിലയിലുളള അജാസിനെ കൂടുതല്‍ നേരം ചോദ്യം ചെയ്തില്ല. വിവാഹാഭ്യർഥനയ്ക്കു വഴങ്ങാത്തതിനെത്തുടർന്ന് അജാസ് വധഭീഷണി മുഴക്കിയിരുന്നെന്ന് സൗമ്യയുടെ അമ്മയും മൊഴി നല്‍കിയിട്ടുണ്ട്.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പ്രതി അജാസ് വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. വീട് നിർമാണത്തിനെന്ന പേരിൽ അവധിയെടുത്താണ് അജാസ് വള്ളിക്കുന്നത്ത് സൗമ്യയുടെ വീടിനു സമീപം വച്ച് അവരെ കൊലപ്പെടുത്തിയത്.