കൊച്ചി​ : ചാക്കോ വധക്കേസിൽ സുകുമാര കുറുപ്പിന് വീണ്ടും വാറണ്ട്. പഴയ വാർത്തയാണെന്ന് കരുതി മുഖം തിരിക്കരുത്. പുത്തൻ പുതിയ സംഭവ വികാസമാണ്. 33 വർഷമായി പൊലീസ് തിരച്ചിൽ തുടരുന്ന പിടികിട്ടാപ്പുള്ളിയായ ഇയാൾക്ക് വേണ്ടി മാവേലിക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കഴിഞ്ഞ മാർച്ച് 2 ന് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിൽ മാവേലിക്കരയിലെ കോടതി സുകുമാര കുറുപ്പിനെ പിടികൂടി ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെന്ന് വന്നതോടെയാണ് വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

 

1984 ജനവരി 22 ന് നടന്ന ചാക്കോ കൊലപാതകത്തിന് ശേഷം 33 പിന്നിട്ടിട്ടും പൊലീസ് ഇപ്പോഴും സുകുമാരക്കുറുപ്പിനായി ഇരുട്ടിൽ തപ്പുകയാണ്. വ്യാജ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി സ്വന്തം പേരിലെ 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സന്പാദിക്കാനാണ് സുകുമാര കുറുപ്പ് ചാക്കോയെ വധിച്ചത്. ഒരു സെമിത്തേരിയിൽ നിന്ന് അടക്കം ചെയ്ത മൃതദേഹം എടുക്കാനായിരുന്നു ആദ്യം ആലോചനയെങ്കിലും ഇത് നടന്നില്ല. പിന്നീടാണ് സിനിമ രംഗത്ത് പ്രവർത്തിച്ചുവന്ന ചാക്കോയെ അംബാസഡർ കാറിനകത്ത് ഇരുത്തിയ ശേഷം, കാറുൾപ്പടെ തീ വച്ചത്.

ഇയാൾ പിന്നീട് വിദേശത്തേക്ക് കടന്നെന്നായിരുന്നു പൊലീസിന്റെ സംശയം. കേസിൽ കൂട്ടുപ്രതികളായിരുന്ന സുകുമാരക്കുറുപ്പിന്റെ ബന്ധു ഭാസ്കര പിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.