കോഴിക്കോട്: മാവേലി എക്സ്പ്രസില്‍ പൊലീസ് മർദനമേറ്റ കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറിനെ കണ്ടെത്തി. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ ഇയാളെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് കണ്ടെത്തിയത്. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെയാണ് ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. യാത്രക്കാരനെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുന്നതും നിലത്ത് വലിച്ചിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനാണ് യാത്രക്കാരനെ മർദിച്ചെന്നായിരുന്നു റിപ്പോർട്ട്.
സ്ലീപ്പർ കംപാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരനോട് പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ പറഞ്ഞു. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ മർദിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അതേസമയം, ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും ഇയാൾ മോശമായി പെരുമാറിയതായി സ്ത്രീകൾ പരാതിപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
സംഭവം വിവാദമായതോടെ എഎസ്ഐ എം.സി.പ്രമോദിനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് മർദമേറ്റ ആളിനായി പൊലീസ് തിരച്ചിലും ആരംഭിച്ചു. ഇന്നലെയാണ് യാത്രക്കാരൻ പൊന്നൻ ഷമീർ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. റെയിൽവെ എസ്ഐ ജംഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കോഴിക്കോട് നിന്ന് കണ്ടെത്തിയത്.
Also Read: വാളയാർ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി