കണ്ണൂർ: മട്ടന്നൂർ നഗരസഭ ഭരണം വീണ്ടും എൽഡിഎഫിന്. ആകെയുള്ള 35 സീറ്റുകളിൽ 28 എണ്ണം എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിന് 7 സീറ്റുകളെ നേടാനായുള്ളു. കഴിഞ്ഞ തവണത്തേക്കാളും തിളക്കമാർന്ന വിജയമാണ് എൽഡിഎഫ് നേടിയിരിക്കുന്നത്. യുഡിഎഫ് വിജയിച്ച 6 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. 20 വര്‍ഷമായി നഗരസഭയില്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് എല്‍ഡിഎഫിന്റെ ഈ വിജയമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.

35 വാര്‍ഡുകളിലായി നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുസ്ലീം ലീഗ് വർഷങ്ങളായി വിജയിച്ച് കൊണ്ടിരുന്ന കളറോഡ് വാർഡ് എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മട്ടന്നൂരിൽ അക്കൗണ്ട് തുറക്കാം എന്ന് കണക്ക് കൂട്ടിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നു.

2012 സെപ്റ്റംബർ അഞ്ചിന് 34 വാര്‍ഡുകളില്‍നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട് ഒരു സിഎംപി കൗൺസിലർ എല്‍ഡിഎഫിനോടൊപ്പംനിന്നു. എല്‍ഡിഎഫില്‍ സിപിഎം-19, സിപിഐ-1, സിഎംപി- 1, യുഡിഎഫില്‍ കോണ്‍ഗ്രസ്-7 മുസ്‌ലിം ലീഗ്- 5, സിഎംപി ജോണ്‍ വിഭാഗം- 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ