മട്ടാഞ്ചേരിയിലെ നാനൂറിലേറെ വര്‍ഷം പഴക്കമുള്ള സിനഗോഗ് തകര്‍ന്നുവീണു

കറുത്ത ജൂതർക്കായി നിർമ്മിച്ച സിനഗോഗ് കഴിഞ്ഞ കുറേ വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്

മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധവും അതിപുരാതനവുമായ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നുവീണു. നാനൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയാണ് കെട്ടിടം തകരാൻ കാരണം. ഇന്ത്യയിലെ ജൂതർക്ക് തദ്ദേശിയരിൽ ജനിച്ചവരെയാണ് കറുത്ത ജൂതർ അഥവാ മലബാർ ജൂതർ എന്നറിയപ്പെടുന്നത്. ഇവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്.

കറുത്ത ജൂതർക്കായി നിർമിച്ച സിനഗോഗ് കഴിഞ്ഞ കുറേ വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്. ഇപ്പോൾ മുൻഭാഗം മാത്രമാണ് തകർന്നുവീണതെങ്കിലും ബാക്കി ഭാഗങ്ങളും ബലം കുറഞ്ഞ അവസ്ഥയിലാണ്. ഏറെ കാലമായി ഇവിടെ പ്രാർഥനയൊന്നുമില്ല. തർക്കത്തെ തുടർന്ന്​ അടച്ചു പൂട്ടിയ സിനഗോഗ്​ ഇടക്കാലത്ത്​ കയർ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്നു.

പള്ളി തകർന്നുവീഴുന്നതിനു മുൻപുള്ള ചിത്രം, ഫൊട്ടോ-ഹരിഹരൻ സുബ്രഹ്മണ്യൻ

മട്ടാഞ്ചേരിയിലെ കടവുംഭാഗത്താണ് ഈ ജൂതപ്പള്ളിയുള്ളത്. എഡി 1550 ല്‍ നിർമിച്ച പള്ളിയാണെന്നാണ് പറയുന്നത്. ഏകദേശം നാനൂറിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. 1956 വരെ ഇവിടെ പ്രാര്‍ഥനകള്‍ നടന്നിരുന്നു. പിന്നീട് കറുത്ത ജൂതരും വെളുത്ത ജൂതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പള്ളി അടച്ചിടേണ്ടി വന്നു. അതിനുശേഷമാണ് ഇതൊരു ഗോഡൗണ്‍ ആയി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

ഇന്ത്യയിലെ ജൂതർക്ക് തദ്ദേശീയരിൽ ജനിച്ചവരെയാണ് ‘കറുത്ത ജൂതർ’ എന്ന് വിളിച്ചിരുന്നത്.  പരദേശി ജൂതര്‍, വെളുത്ത ജൂതര്‍ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് കറുത്ത ജൂതര്‍ക്കായി മറ്റൊരു സിനഗോഗ് പണികഴിപ്പിക്കേണ്ടി വന്നത്.

1948 ലെ സെന്‍സെസ് പ്രകാരം 1998 മലബാര്‍ ജൂതരും (കറുത്ത ജൂതര്‍) 252 വിദേശി ജൂതരും (വെളുത്ത ജൂതര്‍) കേരളത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇന്നത്തെ കണക്ക് പ്രകാരം മലബാര്‍ ജൂതന്‍മാരുടെ എണ്ണം 22 ആയും വിദേശി ജൂതരുടെ എണ്ണം 10 ആയും കുറഞ്ഞിട്ടുണ്ട്.

മട്ടാഞ്ചേരിയിലെ കടവുംഭാഗം സിനഗോഗ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിൽ ഇങ്ങനെയൊരു തകർച്ച നേരിടേണ്ടി വരില്ലെന്ന് ജോസഫെെ പറയുന്നു. വേണ്ട രീതിയിൽ ശ്രദ്ധ നൽകിയിരുന്നെങ്കിൽ ചരിത്രത്തിന്റെ ഭാഗമായി സിനഗോഗ് നിലനിന്നേനെ എന്നും ഇവർ പറഞ്ഞു. ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയായിരുന്നു ഭാഗികമായി തകർന്നുവീണ സിനഗോഗ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mattancheri black jews synagogue partially collapsed kerala

Next Story
കിടപ്പാടത്തിനായി സമരം; തിരുവോണ ദിവസം നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരിക്കുമെന്ന് ഫ്ലാറ്റുടമകൾ holy faith, maradu, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com