തിരുവനന്തപുരം: മാതൃഭൂമി ന്യൂസിലെ സ്ത്രീ ജീവനക്കാര്‍ക്ക് ഇനി ആര്‍ത്തവത്തിന്റെ ആദ്യ ദിനം മൈക്കും കൈയ്യിലെടുത്ത് ഓടേണ്ട, അവധിയെടുത്ത് വീട്ടിലിരിക്കാം. പ്രശംസനീയമായ തീരുമാനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മാതൃഭൂമി. മുംബൈയിലെ കള്‍ച്ചര്‍ മെഷീന്‍ എന്ന കമ്പനി കഴിഞ്ഞയാഴ്ചയാണ് തങ്ങളുടെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ ഐഇ മലയാളത്തോട് പറഞ്ഞു.

‘സ്ത്രീശാക്തീകരണം എന്നു പറഞ്ഞതുകൊണ്ടായില്ല, അവരെ മനസിലാക്കി കൂടെ നില്‍ക്കുകയാണ് വേണ്ടത്. മാതൃഭൂമിയില്‍ എഴുപതില്‍ അധികം സ്ത്രീ ജീവനക്കാരുണ്ട്. അടുത്തിടെ മുംബൈയിലെ ഒരു കമ്പനി സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചിരുന്നു, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മാതൃഭൂമി ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീജീവനക്കാര്‍ക്കും ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുത്തതിനു ശേഷമാണ് ജീവനക്കാരെ അറിയിച്ചത്.”

Read About :  ആര്‍ത്തവത്തിന്‍റെ ആദ്യനാളില്‍ അവധി; മാതൃകയായി മുംബൈ കമ്പനി

വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് ചാനലിലെ സ്ത്രീ ജീവനക്കാര്‍ സ്വീകരിച്ചത്. ‘മാതൃഭൂമി ജോയിന്റ് എംഡി ശ്രേയാംസ് കുമാര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു സ്ത്രീകള്‍ക്കു വേണ്ടത് സഹതാപമോ കൈത്താങ്ങോ അല്ല, അവരെ മനസിലാക്കുക എന്നതാണ് പ്രധാനം. ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ അദ്ദേഹം തന്റെ വാക്കുകള്‍ പ്രവര്‍ത്തിയിലേക്കു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഞങ്ങള്‍ക്കിതു ചരിത്ര നേട്ടം.’

Read About : “ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

ഇത്തരമൊരു തീരുമാനത്തിലൂടെ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമായി മാറിയിരിക്കുകയാണ് മാതൃഭൂമി ന്യൂസ്.

“പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം മാതൃഭൂമി ന്യൂസിലാണ് ഇത് നടപ്പിലാക്കുക, തുടര്‍ന്ന് മാതൃഭൂമിയുടെ സഹോദര സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം.’ ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നല്ല, ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊണ്ടു തന്നെയാണ് തീരുമാനമെടുത്തതെന്നും,” ശ്രേയാംസ് കുമാര്‍ പറഞ്ഞു.

കോഴിക്കോട്ട് 1923ലാണ് മാതൃഭൂമിയുടെ തുടക്കം. രണ്ട് വിദേശ എഡിഷനുകള്‍ ഉള്‍പ്പെടെ 16 എഡിഷനുകളാണ് പത്രത്തിനുള്ളത്. ഇത് കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, എഫ്എം റേഡിയോ സ്‌റ്റേഷന്‍, കപ്പ ടിവി എന്ന പേരില്‍ സംഗീത പരിപാടികള്‍ക്കായി മറ്റൊരു ചാനല്‍ എന്നിവ കൂടി മാതൃഭൂമിക്കുണ്ട്.

Read About : ഇനിയും ‘ഫ്രീ’ ആയിട്ടില്ലാത്ത അതേ ദിവസങ്ങൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ