തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്റെ ഗൺമാൻ ആയിരുന്ന സുജിത് ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലമെന്ന് സൂചന. സുജിത് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി. പ്രണയം തകർന്നത് മൂലമുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന വിധത്തിലുളളതാണ് കുറിപ്പ്.

‘’അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’’ എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്,.

കടയ്ക്കൽ സ്വദേശിയായ സുജിത് അതിന് തൊട്ടടുത്ത പ്രദേശത്തുളള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. എന്നാൽ തന്റെ മാതാപിതാക്കൾ എതിർത്തതോടെ പെൺകുട്ടി ഇതിൽനിന്നും പിന്മാറി. ഇതിനുപിന്നാലെ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ സുജിത് മാനസികമായി തകർന്നുവെന്നാണ് സുഹൃത്തുക്കൾ നൽകിയ വിവരമെന്ന് പൊലീസ് വ്യക്തമാക്കി.

കടയ്ക്കലിലുളള തന്റെ വീട്ടിൽ വച്ചാണ് സുജിത് സഹദേവൻ (26) ആത്മഹത്യ ചെയ്തത്. കൈയ്യിലെ ഞരമ്പുകൾ മുറിച്ചശേഷം സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് മാതാപിതാക്കളും സഹോദരനും ഓടിയെത്തുമ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പൂട്ട് പൊളിച്ച് സുജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.