/indian-express-malayalam/media/media_files/uploads/2018/11/mathew-t-thomas-pinarayi-vijayan.jpg)
തിരുവനന്തപുരം: ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസ് മന്ത്രിസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ മാത്യു ടി തോമസ് രാജി വെച്ചു. മുഖ്യമന്ത്രിയെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറി. കോഴിക്കോട് ഉണ്ടായിരുന്ന മുഖ്യമന്ത്രി ഇന്നാണ് തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട മാത്യു ടി തോമസ് രാജിക്കത്ത് കൈമാറുകയായിരുന്നു.
പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവില്ലെന്നും എംഎല്‍എ ആയി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വലത്തോട്ട് നിര്‍ത്തണ്ട, ഇടത്തേക്കെ ഞാന്‍ പോവുകയുളളു. നല്ല കാര്യങ്ങള്‍ മന്ത്രിയായി ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഇനി എംഎല്‍എ ആയി തുടരും. സര്‍ക്കാരിന് ദോഷമുണ്ടാവുന്ന രീതിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. പാര്‍ട്ടി രാജി വെക്കാന്‍ പറഞ്ഞു, രാജി വെച്ചു. മുഖ്യമന്ത്രിയുടെ കൂടെ 19 മികച്ച ആള്‍ക്കാരുണ്ട്. പാര്‍ട്ടി പിളരുകയൊന്നും ഇല്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല,' മാത്യു ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.'പാര്‍ട്ടി സഖാക്കള് തമ്മിലുളള നല്ല ബന്ധം തുടരും. എംഎല്‍എ എന്ന നിലയില്‍ നല്ല ജോലി ചെയ്യാനുണ്ടാവും. അത് ചെയ്യും,' മാത്യു ടി തോമസ് പറഞ്ഞു.
നാളെ വൈകിട്ടോടെ കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. രാജിവെക്കണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ സംഘടനാ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും മന്ത്രി വ്യക്തമാക്കി. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കിയെന്നും കുടുംബത്തേയും തന്നേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും മാത്യൂ ടി തോമസ് ആരോപിച്ചു.
അതേസമയം, പാര്‍ട്ടിയോടൊപ്പവും ഇടതുപക്ഷത്തോടുമൊപ്പവും എന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസിന്റെ മന്ത്രിസ്ഥാനം ഒഴിയാന്‍ മാത്യു ടി തോമസിനോട് ജെഡിഎസ് നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിസ്ഥാനം ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ബെംഗലുരുവില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് ഈ കാര്യം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസ് കേരള ഘടകത്തിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുമായി ചര്‍ച്ച നടത്തി.കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണ് ദേവഗൗഡയുമായി ചര്‍ച്ച നടത്തിയത്.
മാത്യു ടി.തോമസിനെ മന്ത്രിസഭയില്‍നിന്ന് മാറ്റി പകരം കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണം എന്ന ആവശ്യം ഉന്നയിച്ചുളള കത്ത് ജെഡിഎസ് ഇടതുമുന്നണിക്ക് നല്‍കിയിരുന്നു.രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായാണ് ദേവെഗൗഡ പറഞ്ഞത്.
തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ആരോപണങ്ങള്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ളതാണെന്ന പരാതി മാത്യു ടി തോമസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന പരാതി മാത്യു ടി തോമസ് പക്ഷത്തിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.