പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പിപി മത്തായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മരിച്ച് നാൽപ്പത് ദിവസം പിന്നിട്ടതിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത്.
ഇന്ന് രാവിലെ വിലാപ യാത്രയായി ജന്മദേശമായ കുടപ്പനയിൽ എത്തിക്കും. ഉച്ചയ്ക്കു 3ന് കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. കേസ് സിബിഐക്ക് വിടാൻ തയ്യാറാണന്ന് സർക്കാരും അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചു.
Read More: മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു
രണ്ടാം തവണ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്മോർട്ടം ചെയ്ത മൂന്ന് ഡോക്ടർമാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്മോർട്ടം ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്മോർട്ടം ടേബിളിലാണ് മത്തായിയുടെ പോസ്റ്റ്മോർട്ടം നടന്നത്.
ജൂലൈ മാസം 28ന് നാലു മണിയോടെ വനം വകുപ്പുദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ അന്നു വൈകിട്ട് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഭർത്താവിൻ്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് സംഭവത്തിൽ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോൾ സിബിഐ അന്വേഷണത്തിനും വഴി തുറന്നത്.