കൊച്ചി: വനം വകുപ്പുദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശി പി.പി മത്തായിയുടെ മരണത്തിൽ ഹൈക്കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. എന്തുകൊണ്ടാണ് ദുരൂഹ മരണത്തിന് കേസെടുത്തതെന്ന കാര്യത്തിൽ പൊലീസ് വിശദീകരണം നൽകണം.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഈ മാസം 21 നകം റിപ്പോർട്ട് നൽകണം. ഭാര്യ ഷീബയുടെ മൊഴിയുള്ളപ്പോൾ എന്തുകൊണ്ടാണ് ക്രിമിനൽ ചട്ടം 174 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്തതെന്ന് കോടതി ആരാഞ്ഞു.
മത്തായിയെ വനം വകുപ്പുദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത അന്നു തന്നെ മരണപ്പെട്ടെന്നും സ്റ്റേഷനിലെത്തിയ തന്നോട് ഭർത്താവിനെ വിട്ടയക്കാൻ എഴുപത്തയ്യായിരം ആവശ്യപ്പെട്ടെന്നുമാണ് ഭാര്യ ഷീബയുടെ വെളിപ്പെടുത്തൽ.
ഭർത്താവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപെട്ട് ഷീബ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും പ്രതികൾ സ്വാധീനമുള്ളവരാണന്നും ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാൻ സാധ്യത ഉണ്ടന്നുമാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞ മാസം 27നാണ് വനംവകുപ്പുദ്യോഗസ്ഥർ മത്തായിയെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ മത്തായിയുടേത് മുങ്ങി മരണമാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. വീഴ്‌ചയിലുണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.
ജൂലൈയിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്.