പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മരണം കൊലപാതകം തന്നെയെന്ന ആരോപണത്തിലുറച്ച് കുടുംബം. മത്തായിയെ വനംവകുപ്പ് ജീവനക്കാര്‍ കിണറ്റില്‍ തള്ളിയിട്ടു കൊന്നതാണെന്ന് കുടുംബം ആരോപിക്കുന്നു. കേസ് സിബിഐ അന്വേഷിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബം പറഞ്ഞു.
നിയമം മറികടന്നാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും കുടുംബം ആരോപിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് മത്തായിയുടെ കുടുംബം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കസ്റ്റഡിയിലുള്ള സുരക്ഷ ഉറപ്പുവരുത്തിയില്ല. അന്വേഷണത്തില്‍ വീഴ്‌ചപറ്റിയെന്നും കുടുംബം ആരോപിക്കുന്നു.
Read Also: ഒന്നും ശരിയായില്ലെങ്കിൽ ഞാൻ വീണ്ടും കൽപ്പണിക്ക് പോകും: ബിനീഷ് ബാസ്റ്റിൻ
മത്തായിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ വനം വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും.
എന്നാല്‍, മത്തായിയുടേത് മുങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. വീഴ്‌ചയിലുണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.
Read Also: കോവിഡ്: പൊലീസ് ആസ്ഥാനം അടച്ചു; 50 വയസിനു മുകളിലുള്ളവരെ ഫീൽഡ് ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന് നിർദേശം
ചൊവ്വാഴ്‌ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്.