തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല വീണ്ടും നേട്ടത്തിന്റെ പട്ടികയിൽ. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. നേരത്തെയുളളതിനേക്കാൾ മരണനിരക്ക് കുറച്ചുകൊണ്ടുവരാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്ന നേട്ടവും ഉണ്ട്.

കേരളത്തിലെ മാതൃ മരണ നിരക്ക് 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കുറയ്ക്കാനായത്. ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ് കേരളത്തില്‍ ഇത്ര കുറവുള്ളത് എന്നതും നേട്ടമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സാംപിള്‍ റജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

മാതൃമരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഒരു സ്ഥലത്തെ ആരോഗ്യ പുരോഗതിയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് മാതൃ മരണ നിരക്ക് കുറയ്ക്കുക എന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി മാതൃ ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 2020 ല്‍ മാതൃമരണ നിരക്ക് 30 ആക്കിയും 2030 ല്‍ 20 ആക്കിയും കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മാതൃ ശിശു മരണനിരക്ക് കുറയ്ക്കാനായി ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനായി 30 കോടിയോളം രൂപ ചെലവഴിക്കും. ഇതുകൂടാതെ ലേബര്‍റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ നവീകരണത്തിനായി എന്‍എച്ച്എം മുഖാന്തിരം 57 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ഗര്‍ഭകാല പരിപാലനത്തിനും ഗര്‍ഭിണികളുടെ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണമുള്ള ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്‌തികകളും സൃഷ്‌ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ