പതനംതിട്ട: പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. സെന്‍ട്രല്‍ ജങ്ഷനില്‍ മിനി സിവില്‍ സ്റ്റേഷനു സമീപത്തെ എ വണ്‍ ചിപ്‌സ് എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്നു സമീപത്തെ മൂന്നു കടകളിലേക്കു തീ പടര്‍ന്നു. ആറു പേര്‍ക്കു പരുക്കേറ്റു.
മുനിസിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള കടകളിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
എ വണ്‍ ചിപ്‌സ് ഉള്‍പ്പെടെ രണ്ടു ബേക്കറികളും ഒരു ചെരുപ്പുകടയും മൊബൈല്‍ ഫോണ്‍ ഷോപ്പിലുമാണു തീപടര്‍ന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും കത്തിനശിച്ചു. വലിയ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എ വണ്‍ ചിപ്‌സിന്റെ പാചകപ്പുരയിലുണ്ടായിരുന്ന മൂന്നു പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ ആളിപ്പടരുകയായിരുന്നു. പൊട്ടിത്തെറിച്ച പാചകവാതക സിലിണ്ടറുകള്‍ 50 മീറ്റര്‍ അകലെ റോഡിന്റെ എതിര്‍വശത്താണു പതിച്ചത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കടകളിലെ സാധനങ്ങള്‍ മാറ്റി.