തിരുവനന്തപുരം: മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായഹസ്തവുമായി ജര്‍മ്മനി.
കുറഞ്ഞപലിശയ്ക്ക് 720 കോടി രൂപയുടെ വായ്പയാണ് ജർമ്മനി നൽകുക. ഇതിന് പുറമെ 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയും കേരളത്തിന് ജർമ്മനി നല്‍കും. ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നൈയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി കേന്ദ്ര തല പ്രാഥമിക ചര്‍ച്ചകളും സംസ്ഥാനതലത്തില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. വിശ്രമത്തിലായതിനാല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായില്ല. ഉദ്യോഗസ്ഥ തല ചര്‍ച്ചകളിലൂടെ കരാറിന് രൂപം നല്‍കുമെന്നും താജ് ഹോട്ടലില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കേരളത്തെ പുനര്‍നിര്‍മിക്കുക, എത്രയും വേഗം ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ജര്‍മ്മനി കേരളത്തെ സഹായിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്ന തരത്തില്‍ റോഡുകളും പാലങ്ങളും നിര്‍മ്മിച്ച് ഗതാഗത അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനാണ് ഈ വായ്പ. കൊച്ചി നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി വികസിപ്പിക്കുന്നതിനായി സംയോജിത വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ 940 കോടി രൂപയുടെ സഹായം നല്‍കും. ലോകബാങ്കിന്‍റെയും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കിന്‍റേയും സഹകരണവും ഇതിനുണ്ട്.
15 റൂട്ടുകളിലായി 41 ബോട്ട് ജെട്ടികളും പത്ത് ദീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 76 കിലോമീറ്റര്‍ ശൃംഖലയും രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ദിനംപ്രതി ഒരു ലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ഈ പദ്ധതി 2035-ല്‍ പൂര്‍ത്തിയാകും. ഓരോ 10-20 മിനിറ്റിലും സര്‍വീസ് നടത്തുന്ന രീതിയില്‍ 78 ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
ഊര്‍ജമേഖലയില്‍ ജര്‍മ്മനി കേരളവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി ഒഴുകുന്ന സൗരോര്‍ജ പ്ലാന്‍റുകള്‍ കാരപ്പുഴ, മലമ്പുഴ എന്നിവിടങ്ങളിലെ ജലസംഭരണികളില്‍ സ്ഥാപിക്കും. ഇത് സംബന്ധിച്ച പഠനം ഉടന്‍ പൂര്‍ത്തിയാകും. ആവശ്യമെന്നുണ്ടെങ്കില്‍ ഇത്തരം സൗരോര്‍ജ പ്ലാന്‍റുകള്‍ കൂടുതലായി സ്ഥാപിക്കാനുള്ള സഹായം ജര്‍മ്മനി കേരളത്തിന് നല്‍കും.
കേരളം വ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതികള്‍ക്കും സഹായം നല്‍കാന്‍ ജര്‍മ്മനി സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുവേണ്ടി ലളിതമായ വ്യവസ്ഥകളില്‍ കേരളത്തിന് ധനസഹായം നല്‍കുന്നതിന് പുറമെ പദ്ധതി നടപ്പാക്കുന്നതിനുള്ള വൈദഗ്ധ്യം വികസിപ്പിക്കുന്നതിനും പിന്തുണ നല്‍കും.
കേരളത്തില്‍ മണ്ണിന്‍റെ ഗുണം നഷ്ടപ്പെട്ട പ്രദേശങ്ങളിലെ നീര്‍വീഴ്ച വികസനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനുമുള്ള പദ്ധതിക്ക് കെഎഫ്ഡബ്ല്യു സഹായം നല്‍കും. അടുത്ത വര്‍ഷം ആരംഭിക്കുന്ന പദ്ധതിക്കായി 40 കോടി രൂപയാണ് ബാങ്ക് നല്‍കുന്നത്. ‘വിശപ്പില്ലാത്ത ഏകലോകം’ എന്ന ജര്‍മ്മന്‍ പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഇത്.
കാലാവസ്ഥാമാറ്റം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള 43 നീര്‍ത്തട പ്രദേശങ്ങളില്‍ മണ്ണിന്‍റെയും ജലവിഭവങ്ങളുടെയും ഭദ്രത, സമ്പുഷ്ടി എന്നിവ നിലനിര്‍ത്തി സുസ്ഥിരമായ കൃഷി ഉറപ്പാക്കാന്‍ ചെറുകിട കര്‍ഷകരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.