തിരുവനന്തപുരം: ജന്മനാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ച് നോര്‍ക്ക സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1,47,000ആയി. ഞായറാഴ്ച അര്‍ധരാത്രിയാണ് രജിസ്‌ട്രേഷന്‍ ആരംംഭിച്ചത്. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 30,000 പേരാണ് രജിസ്റ്റർ ചെയ്തത്. ക്വാറന്റൈൻ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്.
അതേസമയം, ഇത് വിമാന ടിക്കറ്റ് മുന്‍ഗണനയ്‌ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈൻ കേന്ദ്രത്തിലോ ആക്കുന്നതിനുമുള്ള സംവിധാനം ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയായിക്കും കേന്ദ്രനടപടികള്‍. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തേതന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
രജിസ്‌ട്രേഷന് പ്രവാസികള്‍ തിരക്ക് കൂട്ടേണ്ടതില്ല. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടാവില്ലെന്നും നോര്‍ക്ക അറിയിച്ചു. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്നും നോര്‍ക്ക വ്യക്തമാക്കി.
പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്. അവരെയെല്ലാം കണ്ടെത്തി സഹായിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണ്. മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ട് പ്രവാസികളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും.